തിരൂര്‍: ഹിന്ദു മുസ്‌ലിം ലഹള എന്ന പേരില്‍ തെറ്റായി പറഞ്ഞും പ്രചരിപ്പിച്ചുമുള്ള ചിലരുടെ ചരിത്ര വക്രീകരണം വിലപ്പോവില്ലെന്നും രാജ്യ സ്വാതന്ത്ര്യത്തിനായി അക്കാലത്തെ രാജ്യ സ്‌നേഹികള്‍ തോളോട് തോള്‍ ചേര്‍ന്ന് ഒരുമിച്ച് നിന്ന് പോരാടിയ ധര്‍മസമരമാണ് മലബാര്‍ സമരമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
'ചെറുത്തു നില്‍പിന്റെ ചരിത്ര നൂറ്റാണ്ട്' എന്ന കാംപയിനിന്റെ ഭാഗമായി സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന മലബാര്‍ സമര ശതകത്തോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റി നടത്തിയ മലബാര്‍ സമര സ്മൃതി യാത്ര തിരൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളച്ചൊടിച്ചും വികലമാക്കിയും ചരിത്രത്തില്‍ നുണ ചേര്‍ത്തവതരിപ്പിക്കുന്നതിനെ ഉല്‍ബുദ്ധ കേരളം ചെറുത്ത് തോല്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി ഘാതകരെ വിഗ്രഹവല്‍കരിക്കുന്ന ഹൈപ്പര്‍ ദേശീയത സൃഷ്ടിച്ച് പൊതു ശത്രുക്കളെയുണ്ടാക്കാനുള്ള ഫാസിസത്തിന്റെ തന്ത്രവും അടയാളവുമാണിപ്പോള്‍ നടക്കുന്നതെന്നും ഇരിപ്പുറപ്പിച്ചാല്‍ ഫാഷിസം ആദ്യം ചെയ്യുന്നത് ചരിത്ര വക്രീകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാന്ധിക്ക് പകരം ഗോള്‍ വാര്‍ക്കറിനെയും നെഹ്രുവിന് പകരം സവര്‍ക്കറിനെയും പ്രതിഷ്ഠിച്ച് വികലമായ പുതു ചരിത്രം രചിക്കാനുള്ള ഹീന ശ്രമം നടക്കുന്നത് തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തു കൊണ്ട് ഗാന്ധിയെ കൊന്നു എന്ന പേരില്‍ ഇംഗ്ലീഷ് അറിയാത്ത ഗോഡ്‌സെയുടെ പേരില്‍ മനോഹരമായ ഇംഗീഷില്‍ രചന നടക്കുന്നുണ്ട്. നമ്മുടെ പുതിയ തലമുറ ഇനി ഇത് പഠിക്കേണ്ടിവരുമോ എന്ന ആശങ്കയുണ്ടെന്നും ഭിന്നിപ്പിക്കാന്‍ സംഘ് പരിവാര്‍ നടത്തുന്ന തന്ത്രങ്ങളാണ് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളെന്നും ജാതി മത ചിന്തകള്‍ക്കതീതമായി നാം നിലനിര്‍ത്തി പോന്ന ചേര്‍ത്തുപിടിക്കലിന്റെ മനോഹരസംസ്‌കാരം മുറുകെ പുണര്‍ന്ന് മുന്നേറുകയെന്നതാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചാത്യര്‍ മുന്നോട്ട് വെയ്ക്കുന്ന മതനിരാസത്തിലൂടെയുള്ള മത മൈത്രിയും സൗഹൃദവുമല്ല നമ്മുടേതെന്നും മറിച്ച്
എല്ലാ മതങ്ങളുടെയും അവകാശങ്ങള്‍ ഉള്‍കൊണ്ടും വിശ്വാസധാരകള്‍ പരസ്പരം ബഹുമാനിച്ചും മതേതരത്വത്തിനായി പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
സയ്യിദ് കെകെഎസ് തങ്ങള്‍ അധ്യക്ഷനായി. യാത്രാ നായകന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍, കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഡിസിസി പ്രസിഡന്റ് അഡ്വ.വി എസ് ജോയ്, അഡ്വ.കെ എ പത്മ കുമാര്‍, അഡ്വ. നസ്‌റുല്ല, പി രാമന്‍കുട്ടി, കെ മോയിന്‍കുട്ടി മാസ്റ്റര്‍, മലയമ്മ അബൂബക്കര്‍ ബാഖവി, എം പി മുഹമ്മദ് മുസ്‌ല്യാര്‍, സി എച്ച് ത്വയ്യിബ് ഫൈസി, എ കെ അബ്ദുല്‍ ബാഖി, കാടാമ്പുഴ മൂസ ഹാജി, എസ് അഹ് മദ് ഉഖൈല്‍, മുസ്തഫ അശ്‌റഫി കക്കുപ്പടി, റശീദ് ഫൈസി വെള്ളായിക്കോട്, പി വി മുഹമ്മദ് മൗലവി, കെ എം കുട്ടി, അബ്ദുല്‍ ഖാദര്‍ ഖാസിമി, അബ്ദു റഹീം ചുഴലി, വി കെ ഹാറൂന്‍ റശീദ്, കീഴേടത്തില്‍ ഇബ്‌റാഹിം ഹാജി, അനീസ് ഫൈസി മാവണ്ടിയൂര്‍, നാലകത്ത് കുഞ്ഞിപ്പോക്കര്‍ ,മുഹമ്മദലി ദാരിമി എന്നിവര്‍ സംസാരിച്ചു.