ബഹിഷ്കരണം തുടർന്ന് വി കുഞ്ഞികൃഷ്ണന്‍; കണക്കവതരിപ്പിക്കാൻ തയാറല്ലെന്ന് ഏരിയാ കമ്മിറ്റി അംഗങ്ങൾ
ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ഏരിയ കമ്മിറ്റി അംഗീകരിച്ച കണക്കുകള്‍ അവതരിപ്പിക്കുന്ന നിര്‍ണായക ലോക്കല്‍ കമ്മിറ്റി യോഗങ്ങള്‍ നാളെ നടക്കും. ജില്ലാ കമ്മിറ്റി നിര്‍ദേശത്തോടെ തയാറാക്കിയ കണക്ക് വിശദീകരിക്കാനാണ് ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്കു നില്‍കിയ നിര്‍ദേശം. എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കൊപ്പം യോഗത്തില്‍ പങ്കെടുത്ത് കണക്ക് വിശദീകരിക്കാന്‍ തയാറല്ലെന്നാണ് ഏരിയ കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്.
പയ്യന്നൂര്‍: പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട വിവാദം താല്‍ക്കാലികമായി തണുപ്പിച്ചെങ്കിലും വി കുഞ്ഞികൃഷ്ണന്റെ പാർട്ടി ബഹിഷ്കരണം തുടരുന്നു. കണക്കുകള്‍ അംഗീകരിക്കുന്ന യോഗത്തില്‍ നിന്നും വിട്ടു നിന്നതിനു പിന്നാലെ ഇന്നു നടന്ന രണ്ടാമത്തെ ഏരിയ കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തില്ല. ഇതോടെ വി കുഞ്ഞിക്കൃഷ്ണനെതിരേ നടപടിയെടുക്കാൻ പാർട്ടി തയാറായേക്കും.
പാര്‍ട്ടി ഭരണഘടനപ്രകാരം തുടര്‍ച്ചയായി മൂന്ന് യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. നടപടി അംഗീകരിക്കാതെ പാർട്ടിയെ വെല്ലുവിളിക്കുന്ന കുഞ്ഞിക്കൃഷ്ണനെതിരേ കടുത്ത നടപടിയിലേക്ക് പാർട്ടി നേതൃത്വംനീങ്ങിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഫണ്ട് വിവാദം പുറത്തു കൊണ്ടു വന്നതിനു പിന്നാലെയാണ് ഏരിയ സെക്രട്ടറിയായിരുന്ന കുഞ്ഞികൃഷ്ണനെ തല്‍സ്ഥാനത്തു നിന്നും നീക്കിയത്. പകരം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷിന് ചുമതല നല്‍കുകയായിരുന്നു.
ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ഏരിയ കമ്മിറ്റി അംഗീകരിച്ച കണക്കുകള്‍ അവതരിപ്പിക്കുന്ന നിര്‍ണായക ലോക്കല്‍ കമ്മിറ്റി യോഗങ്ങള്‍ നാളെ നടക്കും. ജില്ലാ കമ്മിറ്റി നിര്‍ദേശത്തോടെ തയാറാക്കിയ കണക്ക് വിശദീകരിക്കാനാണ് ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്കു നില്‍കിയ നിര്‍ദേശം. എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കൊപ്പം യോഗത്തില്‍ പങ്കെടുത്ത് കണക്ക് വിശദീകരിക്കാന്‍ തയാറല്ലെന്നാണ് ഏരിയ കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട പാര്‍ട്ടി ജനറല്‍ ബോഡികളില്‍ പങ്കെടുത്ത ജില്ലാ-സംസ്ഥാന നേതാക്കളെ പങ്കെടുപ്പിക്കണമെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പാര്‍ട്ടി മേല്‍ക്കമ്മിറ്റി അംഗീകരിച്ചതാണെങ്കിലും ഇതിന്‍മേലുള്ള ചര്‍ച്ച ലോക്കല്‍ കമ്മിറ്റിയിലുണ്ടാവും. ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഏരിയ കമ്മിറ്റി അംഗങ്ങള്‍ ഇത്തരമൊരു നിലപാടെടുക്കുന്നത്. വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയതുള്‍പ്പെടെ ലോക്കല്‍ കമ്മിറ്റിയില്‍ വലിയ ചര്‍ച്ചയാവും. പയ്യന്നൂര്‍ ഏരിയയ്ക്കു കീഴിലുള്ള മുഴുവന്‍ ലോക്കല്‍ കമ്മിറ്റി യോഗങ്ങളും നാളെ വൈകീട്ടോടെയാണ് നടക്കുക.
സംസ്ഥാന കമ്മിറ്റിക്ക് ഇതിനകം പയ്യന്നൂരിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വി കുഞ്ഞികൃഷ്ണന്‍ പരാതി നൽകിയിട്ടുണ്ട്. ഏരിയ സെക്രട്ടറിയായിരുന്നപ്പോള്‍ ശേഖരിച്ച മുഴുവന്‍ രേഖകളും അദ്ദേഹം 21 ഏരിയാ കമ്മിറ്റി അംഗങ്ങൾക്കും നൽകിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം യൂത്ത് ലീഗ് പരാതിയിൽ ഫണ്ട് വെട്ടിപ്പിൽ ആരോപണ വിധേയനായ ടി ഐ മധുസൂദനന് എതിരേ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.