വി വസീഫ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; വി കെ സനോജ് സെക്രട്ടറിയായി തുടരും
പത്തനംതിട്ട: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെ തിരഞ്ഞെടുത്തു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. എസ് സതീഷ് പദവി ഒഴിയുന്ന സ്ഥാനത്തേക്കാണ് വസീഫിനെ തിരഞ്ഞെടുത്തത്. വി കെ സനോജ് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരും. എസ് ആര്‍ അരുണ്‍ ബാബുവാണ് ട്രഷറര്‍. സംസ്ഥാന കമ്മിറ്റിയില്‍ ആദ്യമായി ഒരു ട്രാന്‍സ് ജെന്‍ഡര്‍ ഉണ്ടെന്നതും പ്രത്യേകതയാണ്. ചങ്ങനാശ്ശേരി സ്വദേശി ലയ മരിയാ ജെയ്‌സനെയാണ് ഉള്‍പ്പെടുത്തിയത്. പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
25 സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് പുതിയ ഡിവൈഎഫ്‌ഐ കമ്മിറ്റി. എസ് സതീഷ്, ചിന്താ ജെറോം, കെ യു ജെനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവായി. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന വി വസീഫ് കോഴിക്കോട് സ്വദേശിയാണ്. സനോജ് സ്ഥാനമേറ്റെടുത്തിട്ട് അധികമായില്ല. സംസ്ഥാന സെക്രട്ടറിയായിരുന്ന എ എ റഹിം ദേശീയ പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍വന്ന ഒഴിവിലേക്ക് സനോജിനെ നിയോഗിക്കുകയായിരുന്നു.
ആര്‍ രാഹുല്‍, അര്‍ ശ്യാമ, ഡോ. ഷിജുഖാന്‍, രമേശ് കൃഷ്ണന്‍, എം ഷാജര്‍, എം വിജിന്‍ എംഎല്‍എ, ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവര്‍ ഉപഭാരവാഹികളാവും. പത്തനംതിട്ടയില്‍ ബുധനാഴ്ച ആരംഭിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം സമാപിച്ചു. ചിന്തോ ജെറോമിനേയും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയ ചിന്തയ്ക്ക് ഡിവൈഎഫ്‌ഐ പ്രസിഡന്റ് പദവി നല്‍കുന്നത്ഇരട്ടപ്രമോഷനാവുമെന്ന വിലയിരുത്തലിലാണ് തഴഞ്ഞത്.