ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ ആഗസ്ത് 15ഓടെ: ഐസിഎംആര്‍ അവകാശവാദം അപകടകരമെന്ന് വിദഗ്ധര്‍

ഐസിഎംആറും പ്രമുഖ വാക്സിന്‍ നിര്‍മാതാവായ ഭാരത് ബയോടെക് ലിമിറ്റഡും ചേര്‍ന്നാണ് വാക്സിന്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ നടത്താനായി 12 ഇടങ്ങള്‍ ഐസിഎംആര്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

Update: 2020-07-04 07:39 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത കൊവാക്‌സിന്‍ ആഗസ്ത് 15നകം വിപണിയിലെത്തിക്കുമെന്ന ഐസിഎംആര്‍ അവകാശവാദം അപകടകരവും അസംബന്ധവുമെന്ന് വിദഗ്ധര്‍. മൂന്ന് ഘട്ടങ്ങളിലായി പരീക്ഷിക്കേണ്ട വാക്സിന്‍ പെട്ടന്ന് എങ്ങനെ സാധ്യമാകുമെന്നും വിദഗ്ധര്‍ ചോദിച്ചു. ആദ്യ ഘട്ട പരീക്ഷണങ്ങളുടെ ഫലം ഒക്ടോബറോടെയേ അറിയാന്‍ കഴിയൂ എന്നാണ് ഭാരത് ബയോടെക് പറഞ്ഞത്. പിന്നീടുള്ള പരീക്ഷണം കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ടെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

കൊവിഡ് വാക്സിന്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയയും വൈറോളജിസ്റ്റും വെല്‍കം ട്രസ്റ്റ് ഡിബിടി അലയന്‍സിന്റെ ചീഫ് എക്സിക്യൂട്ടീവുമായ ഷഹീല്‍ ജമീലും ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.വാക്സിന്‍ നിര്‍മാണം വളരെ വെല്ലുവിളി നിറഞ്ഞതും പ്രയാസമുള്ള ജോലിയാണെന്ന് റണ്‍ദീപ് ഗുലേറിയ പറഞ്ഞു. പുറത്തിറക്കിയ വാക്സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും പരിശോധിക്കേണ്ടതുണ്ട്. നല്ല ഫലം ലഭിക്കുകയാണെങ്കില്‍ വാക്സിന്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കുകയെന്ന പ്രക്രിയയാണ് മറ്റൊരു വെല്ലുവിളി അദ്ദേഹം പറഞ്ഞു. അതേസമയം നേരത്തെ തന്നെ തിയ്യതി തീരുമാനിച്ച് വാക്‌സിന്‍ പുറത്തിറക്കുമെന്ന ഐസിഎംആറിന്റെ അവകാശവാദം പരിഹാസജനകമാണെന്ന് എയിംസ് വൈറോളജിസ്റ്റ് ഷഹീല്‍ ജമീല്‍ പറഞ്ഞു. 'ആഗോള തലത്തില്‍ ശാസ്ത്രലോകം നമ്മളെ നോക്കി ചിരിക്കും. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഇന്ത്യയ്ക്ക് ശാസ്ത്രരംഗത്ത് ഒരുപാട് ചെയ്യാനുണ്ട്. ഇങ്ങനെ പെരുമാറിയാല്‍ നാളെ നല്ലൊരു വാക്‌സിന്‍ വികസിപ്പിച്ചാലും ആര് നമ്മളെ വിശ്വസിക്കും' അദ്ദേഹം ചോദിച്ചു.

ഐസിഎംആറും പ്രമുഖ വാക്സിന്‍ നിര്‍മാതാവായ ഭാരത് ബയോടെക് ലിമിറ്റഡും ചേര്‍ന്നാണ് വാക്സിന്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ നടത്താനായി 12 ഇടങ്ങള്‍ ഐസിഎംആര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. വാക്സിന്‍ പരീക്ഷണങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥാപനഘങ്ങളോട് നടപടികള്‍ വേഗത്തിലാക്കാനാണ് ഐസിഎംആര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 7ന് ക്ലിനിക്കല്‍ പരീക്ഷണം ആരംഭിക്കണമെന്നും വാക്സിന്‍ പൊതുജനങ്ങള്‍ക്ക് ആഗസ്ത് 15ന് എത്തിച്ച് നല്‍കാനുളള പദ്ധതിയെ കുറിച്ചും സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ ഐസിഎംആര്‍ സൂചിപ്പിക്കുന്നു.


Tags:    

Similar News