വാളയാര്‍ പീഡന കേസില്‍ വെറുതെവിട്ട പ്രതിക്ക് നേരെ ആക്രമണം
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ മര്‍ദിക്കുകയായിരുന്നു എന്നാണ് മധു പോലിസിനോട് പറഞ്ഞത്. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലിസ് സംഘമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോടതി വെറുതെ വിട്ട പ്രതിക്ക് നേരെ ആക്രമണം. കേസിലെ നാലാം പ്രതി കുട്ടിമധു എന്ന എം മധുവിന് നേരേയാണ് അട്ടപ്പള്ളത്ത് വെച്ച് ആക്രമണമുണ്ടായത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ മര്‍ദിക്കുകയായിരുന്നു എന്നാണ് മധു പോലിസിനോട് പറഞ്ഞത്. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലിസ് സംഘമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിമധു ഉള്‍പ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. പ്രതികള്‍ രക്ഷിച്ചത് പോലിസിന്റെ പിടിപ്പുകേടാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരേയും സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.
അട്ടപ്പളളം ശെല്‍വപുരത്തെ വീട്ടിലാണ് 2017 ജനുവരി പതിമൂന്നിന് പതിമൂന്നു വയസ്സുകാരിയെയും മാര്‍ച്ച് നാലിന് ഒന്‍പതു വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെവിട്ടിരുന്നു.
പെണ്‍കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകന്‍ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം മധു, അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കല്‍ വീട്ടില്‍ ഷിബു, അമ്മയുടെ സഹോദരിയുടെ മകനായ വി മധു, അയല്‍വാസിയായ പതിനേഴുകാരന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.