വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി; വേഗം 130 കിലോ മീറ്ററാക്കി ഉയര്‍ത്തുമെന്നും കേന്ദ്രമന്ത്രി
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോട് വരെ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങുന്ന ട്രെയിന്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന റിപോര്‍ട്ട്. കാസര്‍കോട്ടേക്ക് സര്‍വീസ് നീട്ടണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. പാളങ്ങളുടെ നവീകരണം രണ്ട് ഘട്ടമായി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോ മീറ്ററും രണ്ടാംഘട്ട നവീകരണം പൂര്‍ത്തിയാകുമ്പോള്‍ മണിക്കൂറില്‍ 130 കിലോ മീറ്ററുമായിരിക്കും വേഗം. തുടക്കത്തില്‍ 70 കിലോ മീറ്റര്‍ മുതല്‍ 110 കിലോ മീറ്റര്‍ വരെയായിരിക്കും വേഗം. നിര്‍ദ്ദിഷ്ട വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.