'വന്ദേഭാരതി'ല്‍ സൗദിയോടുള്ള അവഗണന: പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി ഐസിഎഫ്
ഏറ്റവുമധികം ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയിലേക്ക് ഏറ്റവും കുറച്ചുമാത്രം സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് ഏറ്റവുമധികം ബാധിക്കുക സൗദിയിലെ കേരളീയരെയാണ്.
ജിദ്ദ: 'വന്ദേ ഭാരത്' മിഷന്റെ ഭാഗമായി ഇന്ത്യക്കാരെ തിരികെക്കൊണ്ടുവരുന്നതിനായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒരുക്കിയിട്ടുള്ള സ്‌പെഷ്യല്‍ വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ സൗദി അറേബ്യയോട് കാണിക്കുന്ന അന്യായം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തി സൗദി നാഷനല്‍ ഐസിഎഫ്. ഏറ്റവുമധികം ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയിലേക്ക് ഏറ്റവും കുറച്ചുമാത്രം സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് ഏറ്റവുമധികം ബാധിക്കുക സൗദിയിലെ കേരളീയരെയാണ്.
ഒട്ടേറെ രോഗികളും ഗര്‍ഭിണികളും വിസാ കാലാവധി തീര്‍ന്നവരും നാട്ടില്‍നിന്നുള്ള കാരുണ്യം കാത്തിരിക്കുന്നവരാണ്. ഇത് പരിഹരിക്കാനാവശ്യമായ നടപടികള്‍ ത്വരിതഗതിയില്‍ സ്വീകരിക്കണമെന്നും സൗദിയിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തിനനുസരിച്ച് നാലാംഘട്ടം മുതല്‍ കൂടുതല്‍ വിമാനങ്ങളനുവദിക്കണമെന്നും പ്രധാനമന്ത്രിക്കു സമര്‍പ്പിച്ച ഹരജിയില്‍ ഐസിഎഫ് സൗദി നാഷനല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മൂന്നാംഘട്ടത്തില്‍ അധികമായി അനുവദിച്ച 66 സര്‍വീസുകളില്‍ ഒന്നുപോലും സൗദിയിലേക്കില്ലായിരുന്നു.
ഏറ്റവും കൂടുതല്‍ പേര്‍ കേരളീയരായിരുന്നിട്ടും ഇതുവരെ 21 സര്‍വീസുകള്‍ മാത്രമാണ് സൗദിയില്‍നിന്ന് കേരളത്തിലേക്ക് ഷെഡ്യൂള്‍ ചെയ്തത് എന്നത് ദു:ഖകരമാണ്. നിവേദനത്തിന്റെ പകര്‍പ്പ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനും സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ഔസാഫ് സഈദിനും നല്‍കി. ഐസിഎഫ് സൗദി നാഷനല്‍ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് സയ്യിദ് ഹബീബ് അല്‍ ബുഖാരി, ജന.സെക്രട്ടറി ബശീര്‍ എറണാകുളം എന്നിവരാണ് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്.