മുഖ്യമന്ത്രിയുടെ അടുത്തുപോയാല്‍ കരിഞ്ഞുപോവും; അല്ലെങ്കില്‍ 58 വെട്ടുവെട്ടി കരിച്ചുകളയും: വി ഡി സതീശന്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്തുതിപാഠകരുടെ ഇടയിലാണെന്നും ഇതുകേട്ട് മയങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നുപോയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ജയരാജനെ കുറിച്ച് പാട്ട് വന്നപ്പോള്‍ വിമര്‍ശിച്ച പാര്‍ട്ടിയുടെ സെക്രട്ടറി ഇപ്പോള്‍ പിണറായി സൂര്യനാണെന്ന് പറയുന്നു. അടുത്തേക്ക് പോയാല്‍ കരിഞ്ഞു പോവും. ഇനി കരിഞ്ഞില്ലെങ്കില്‍ വീട്ടിലേക്ക് ഇന്നോവ കാറയക്കും. 58 വെട്ടുവെട്ടി കരിച്ചുകളയും. സ്തുതി പാഠകരുടെ ഇടയില്‍പ്പെട്ട എല്ലാ ഭരണധികരികള്‍ക്കും പറ്റിയതുതന്നെ പിണറായിക്കും പറ്റി. സിപിഎം എത്രമാത്രം ജീര്‍ണിച്ചുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസത്തെ പാട്ടെന്നും അദ്ദേഹം പറഞ്ഞു.
അന്‍സില്‍ ജലീല്‍ വ്യാജ ഡിഗ്രി നേടിയെന്ന ആരോപണം കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വ്യാജരേഖ ചമച്ചതാണെന്ന് പോലിസ് തന്നെ കണ്ടെത്തി. ദേശാഭിമാനി പത്രം സിപിഎമ്മിന്റെ അറിവോടെയാണ് വ്യാജരേഖയുണ്ടാക്കിയത്. എസ്എഫ്‌ഐക്കാര്‍ അത്തരക്കാരാണെന്ന് തെളിഞ്ഞപ്പോള്‍ കെഎസ്‌യുവും ഇങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. ക്രൂരമായ വേട്ടയാടലാണ് ഒരു വിദ്യാര്‍ഥിക്ക് നേരെയുണ്ടായത്. അദ്ദേഹത്തിന് സിപിഎമ്മും ദേശാഭിമാനിയും നഷ്ടപരിഹാരം നല്‍കണം. നടപടിയുണ്ടായിട്ടില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.