തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ നിരസിച്ച ഗവര്‍ണറുടെ നടപടി തെറ്റാണെന്നും ഗവര്‍ണറെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു വിളിക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍. പ്രത്യേക സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ അതേപടി അംഗീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. നിരസിക്കണമെങ്കില്‍ ശുപാര്‍ശയില്‍ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും ഉണ്ടാവണം. നിയമസഭ സമ്മേളനം വിളിക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് വിവേചനാധികാരമില്ല. മന്ത്രിമാരുടെ പ്രോസിക്യൂഷന്‍ അനുവാദം, ബില്ലുകളുടെ അനുമതി, സര്‍വകലാശാലകളിലെ നിയമനം തുടങ്ങിയ കാര്യങ്ങളിലാണ് ഗവര്‍ണര്‍ക്ക് വിവേചനാധികാരമുളളത്. നാബം റെബിയ-ഡെപ്യൂട്ടി സ്പീക്കര്‍ എന്ന സുപ്രധാനമായ കേസില്‍ സുപ്രിം കോടതിയുടെ അഞ്ചംഗ ബഞ്ച് ഗവര്‍ണറുടെ വിവേചനാധികാരം പരിമിതമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിയമസഭകള്‍ സമ്മേളിക്കുന്നത് സംബന്ധിച്ച് ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കുന്നില്ലെന്ന് മാത്രമല്ല, സന്ധിയിലേര്‍പ്പെട്ടിരിക്കുക കൂടിയാണ്. കേന്ദ്രസര്‍ക്കാരിനെ ഭയന്നു കഴിയുന്ന, അമിത്ഷായുടെ കക്ഷത്തില്‍ തലവച്ചു കൊടുത്തിരിക്കുന്ന ഒരു സര്‍ക്കാരിന് ഗവര്‍ണര്‍ക്കെതിരേ എന്ത് ചെയ്യാന്‍ കഴിയുമെന്നും വി ഡി സതീശന്‍ എംഎല്‍എ ചോദിച്ചു.
VD Satheesan wants Central govt to recall governor