എ ഐ കാമറയില്‍ 100 കോടിയുടെ അഴിമതി; മുഖ്യമന്ത്രിയുടെ ബന്ധു കണ്‍സോര്‍ഷ്യം യോഗത്തില്‍ പങ്കെടുത്തെന്നും വിഡി സതീശന്‍

Update: 2023-05-06 10:05 GMT

കൊച്ചി: എഐ കാമറയുടെ മറവില്‍ 100 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ് കണക്കാക്കിയത്. ഇതാണ് 151 കോടിയുടെ കരാറില്‍ എത്തിയത്. ഉപകരാറിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവായ പ്രകാശ് ബാബു പങ്കെടുത്തതായും സതീശന്‍ ആരോപിച്ചു. പ്രകാശ് ബാബുവാണ് യോഗത്തില്‍ ഏറ്റവും കൂടുതല്‍ സമയം സംസാരിച്ചത്. ഇത് സ്വപ്‌ന പദ്ധതിയാണെന്ന് കമ്പനി പ്രതിനിധികളോട് പറഞ്ഞതായും സതീശന്‍ പറഞ്ഞു. 45 കോടിക്ക് ചെയ്യാന്‍ പറ്റുന്ന പദ്ധതിയാണ് 151 കോടിക്ക് ടെന്‍ഡര്‍ നല്‍കിയത്. എസ്ആര്‍ഐടിക്ക് ആറ് ശതമാനം വെറുതെ കമ്മീഷന്‍ കിട്ടി. ബാക്കി തുക എല്ലാവരും കൂടി വീതിച്ചെടുക്കാനായിരുന്നു പദ്ധതി. വിചിത്രമായ തട്ടിപ്പാണ് പദ്ധതിയില്‍ നടന്നിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ബന്ധു പദ്ധതിയില്‍ ഇടപ്പെട്ടതിന് തെളിവുണ്ടോ എന്ന് മന്ത്രി രാജീവ് കഴിഞ്ഞ ദിവസം വെല്ലുവിളിച്ചു. എസ്ആര്‍ഐടിയും അല്‍ഹിന്ദും പ്രസാദിയോയും ചേര്‍ന്ന് രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ ആദ്യത്തെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ടെന്ന് ഞങ്ങള്‍ പറയുന്നു. പങ്കെടുക്കുക മാത്രമല്ല അദ്ദേഹമാണ് യോഗത്തില്‍ ഏറ്റവും കൂടുതല്‍ സമയം സംസാരിച്ചത്. ഇതൊരു സ്വപ്‌ന പദ്ധതിയാണ്, ഇത് കേരളത്തില്‍ ചെയ്ത് തീര്‍ത്താല്‍ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും നമുക്ക് ചെയ്യാന്‍ സാധിക്കുമെന്നും പ്രകാശ് ബാബു യോഗത്തില്‍ പറഞ്ഞു. ഈ കണ്‍സോര്‍ഷ്യല്‍ പണം നഷ്ടമായ കമ്പനികള്‍ പ്രകാശ് ബാബുവിനെ പിന്നീട് സമീപിച്ചിട്ടുണ്ടോ...ഇതിന് മറുപടി പറയാന്‍ മന്ത്രി രാജീവോ മുഖ്യമന്ത്രിയോ മുന്നോട്ട് വരുമോ എന്നും സതീശന്‍ ചോദിച്ചു. അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തതിന്റെ രേഖ ഹാജരാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


Tags:    

Similar News