മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച കേസ്; മരുന്നുമാറിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി

ഇക്കാര്യത്തില്‍ ഡയറക്്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനോട് വിശദമായ അന്വേഷണം നടത്തി റിപോര്‍ട്ട് രണ്ട് ദിവസത്തിനകം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Update: 2022-10-28 12:18 GMT

തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചത് മരുന്നുമാറി കുത്തിവച്ചിട്ടല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരുന്നുമാറിയില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. ഇക്കാര്യത്തില്‍ ഡയറക്്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനോട് വിശദമായ അന്വേഷണം നടത്തി റിപോര്‍ട്ട് രണ്ട് ദിവസത്തിനകം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, രോഗി മരിച്ചത് കുത്തിവയ്പിന്റെ പാര്‍ശ്വഫലം മൂലമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരുന്ന് മാറി കുത്തിവച്ചിട്ടില്ലെന്നും, കുത്തിവച്ച മരുന്നിന്റെ പാര്‍ശ്വഫലം മൂലം ആന്തരികാവയവങ്ങള്‍ക്ക് തകരാറുണ്ടായതാണ് പെട്ടന്നുള്ള മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

പനിയെത്തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45കാരിയായ കൂടരഞ്ഞി ചളറപ്പാറ കൂളിപ്പാറ സിന്ധുവാണ് കുത്തിവയ്‌പെടുത്തു നിമിഷങ്ങള്‍ക്കകം ഭര്‍ത്താവിന്റെ മുന്‍പില്‍ കുഴഞ്ഞുവീണു മരിച്ചത്. മരുന്നുമാറി കുത്തിവച്ചതിനെ തുടര്‍ന്നാണു മരണമെന്നു ഭര്‍ത്താവ് രഘു പരാതിപ്പെട്ടതിനെ തുടര്‍ന്നു മെഡിക്കല്‍ കോളജ് പോലിസ് നഴ്‌സിനെതിരേ കേസെടുത്തിരുന്നു.

പനി ബാധിച്ച് 26നു രാവിലെ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ സിന്ധുവിനെ അവിടെ നിന്നു റഫര്‍ ചെയ്തതിനെ തുടര്‍ന്നാണ് അന്നു വൈകീട്ട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. സിന്ധുവിനു മരുന്നു മാറി നല്‍കിയെന്നത് അടിസ്ഥാനമില്ലാത്ത കാര്യമാണെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News