അമേരിക്കയ്ക്ക് തിരിച്ചടി; വെനസ്വേലയില്‍ സൈന്യത്തിന്റെ പിന്തുണ മദുറോയ്ക്ക്
. രാജ്യത്തിന്റെ നിയമപരമായ പ്രസിഡന്റ് ഇപ്പോഴും മദുറോ തന്നെയാണെന്ന് വെനസ്വേലന്‍ പ്രതിരോധമന്ത്രിയും സൈനികമേധാവിയുമായ വ്‌ലാദിമിര്‍ പാഡ്രിനോ പ്രഖ്യാപിച്ചു. മദുറോയുടെ അധികാരം സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കരാക്കസ്: വെനസ്വേലയില്‍ ഭരണം അട്ടിമറിക്കാനുള്ള അമേരിക്കന്‍ ശ്രമത്തിന് തിരിച്ചടി. പ്രതിപക്ഷനേതാവ് വാന്‍ ഒയ്‌ദോ സ്വയം ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിച്ചതിനുപിന്നാലെ വെനസ്വേലയില്‍ ഉടലെടുത്ത രാഷ്ട്രീയപ്രതിസന്ധിയില്‍ പ്രസിഡന്റ് നിക്കൊളാസ് മദുറോയ്ക്ക് വെനസ്വേലന്‍ സൈന്യത്തിന്റെ പിന്തുണ. രാജ്യത്തിന്റെ നിയമപരമായ പ്രസിഡന്റ് ഇപ്പോഴും മദുറോ തന്നെയാണെന്ന് വെനസ്വേലന്‍ പ്രതിരോധമന്ത്രിയും സൈനികമേധാവിയുമായ വ്‌ലാദിമിര്‍ പാഡ്രിനോ പ്രഖ്യാപിച്ചു. മദുറോയുടെ അധികാരം സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മദുറോ സര്‍ക്കാരിനുനേരെ മാസങ്ങളായി നടന്നുവരുന്ന പ്രതിഷേധത്തിനിടെ വ്യാഴാഴ്ച നാടകീയമായാണ് ഒയ്‌ദോ സ്വയം ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഒയ്‌ദോയെ പ്രസിഡന്റായി അംഗീകരിച്ച് യുഎസ് രംഗത്തെത്തുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെയാണ് ഒയ്‌ദോയ്ക്ക് പിന്തുണ അറിയിച്ചത്. ഇതോടെ വെനസ്വേലയുടെ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ ഇരുചേരികളായി തിരിഞ്ഞിരിക്കുകയാണ്.
യുഎസിനെ കൂടാതെ കാനഡ, ബ്രസീല്‍, കൊളംബിയ, ബ്രിട്ടന്‍, പാനമ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളാണ് ഒയ്‌ദോയെ പിന്തുണയ്ക്കുന്നത്. റഷ്യ, ചൈന, ബൊളീവിയ, ക്യൂബ എന്നീ രാജ്യങ്ങള്‍ മദുറോയ്ക്ക് ഒപ്പമാണ്. വെനസ്വേലന്‍ പ്രതിസന്ധി ശനിയാഴ്ച ചര്‍ച്ച ചെയ്യണമെന്ന് യുഎന്‍ രക്ഷാസമിതിയോട് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പെന്‍സ് ആവശ്യപ്പെട്ടു.
അതിനിടെ, യുഎസിലെ വെനസ്വേലന്‍ സ്ഥാനപതികാര്യാലയവും കോണ്‍സുലേറ്റുകളും പൂട്ടിയതായി മദുറോ പറഞ്ഞു. ശനിയാഴ്ചയ്ക്കുമുമ്പ് തങ്ങളുടെ എല്ലാ ഉദ്യോഗസ്ഥരും യുഎസ് വിട്ട് വെനസ്വേലയിലേക്ക് തിരികെയെത്തണമെന്നും അദ്ദേഹം ഉത്തരവിട്ടു.