വെനീസ്വലയുമായി ബന്ധം: ഇന്ത്യയടക്കമുള്ളവര്‍ക്കു യുഎസിന്റെ മുന്നറിയിപ്പ്

Update: 2019-02-13 18:45 GMT

വാഷിങ്ടണ്‍: അസംസ്‌കൃത എണ്ണ ഇറക്കുമതി അടക്കമുള്ള കാര്യങ്ങള്‍ക്കായി വെനീസ്വലയുമായി ബന്ധം സ്ഥാപിക്കുന്ന രാജ്യങ്ങള്‍ക്കു യുഎസിന്റെ മുന്നറിയിപ്പ്. വെനീസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മദ്യൂറോക്കു പിന്തുണയുമായെത്തുന്നവരെ തങ്ങള്‍ മറക്കില്ലെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു. വെനീസ്വലയില്‍ നിന്നും വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കാണു യുഎസിന്റെ മുന്നറിയിപ്പ്. ഇന്ത്യയ്ക്ക് കൂടുതല്‍ അസംസ്‌കൃത എണ്ണ വില്‍ക്കുമെന്ന് വെനീസ്വലന്‍ മന്ത്രി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണു യുഎസിന്റെ മുന്നറിയിപ്പെന്നതും ശ്രദ്ദേയമാണ്. ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് വെനീസ്വല. വെനീസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മദ്യൂറോയെ സ്ഥാന ഭ്രഷ്ടനാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് യുഎസ് വെനീസ്വലയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയത്. എന്നാല്‍ യുഎസ് എണ്ണ ഇറക്കുമതി അമേരിക്ക അവസാനിപ്പിച്ചതിന് ശേഷവും ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ വെനീസ്വലയുമായി എണ്ണക്കച്ചവടം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണു യുഎസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 

Tags:    

Similar News