'അക്ബര്‍ സിംഹത്തോടൊപ്പം സീതയെ പാര്‍പ്പിക്കരുത്'; സിംഹങ്ങളുടെ പേരിനെ ചൊല്ലിയും വിദ്വേഷപരാതിയുമായി വിഎച്ച്പി
കൊല്‍ക്കത്ത: പാര്‍ക്കില്‍ പാര്‍പ്പിച്ച സിംഹങ്ങളുടെ പേരിനെ ചൊല്ലിയും വിദ്വേഷ പരാതിയുമായി വിഎച്ച്പി. സിലിഗുരിയിലെ സഫാരി പാര്‍ക്കില്‍ 'അക്ബര്‍' എന്ന് പേരിട്ടിരിക്കുന്ന സിംഹത്തോടൊപ്പം 'സീത' എന്ന് പേരിട്ടിരിക്കുന്ന സിംഹത്തെ പാര്‍പ്പിച്ചതിനെതിരേയാണ് വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. 'അക്ബറി'നെയും 'സീത'യെയും ഒരേ ചുറ്റുപാടില്‍ പാര്‍പ്പിച്ച വനം വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ജല്‍പായ്ഗുരിയിലെ നേതാക്കളാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ സമീപിച്ചത്. 2024 ഫെബ്രുവരി 16ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിന് മുമ്പാകെ പരാമര്‍ശിച്ച ഹരജി ഫെബ്രുവരി 20ന് വാദം കേള്‍ക്കുന്നതിനു വേണ്ടി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് ഈ ജോഡിയെ അടുത്തിടെ കൊണ്ടുവന്നതെന്നും സിംഹങ്ങളുടെ പേര് മാറ്റിയിട്ടില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫെബ്രുവരി 13ന് ഇവിടെ എത്തുന്നതിന് മുമ്പ് തന്നെ പേരിട്ടിരുന്നെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഒരാളായിരുന്നു അക്ബര്‍. സീതയാവട്ടെ വാല്മീകിയുടെ രാമായണത്തിലെ ഒരു കഥാപാത്രമാണ്. സീതയെ ദേവതയായാണ് ഹിന്ദു മത വിശ്വാസികള്‍ കാണുന്നത്.
സംസ്ഥാന വനം വകുപ്പാണ് സിംഹങ്ങള്‍ക്ക് പേരിട്ടിരിക്കുന്നതെന്നും സീതയെ അക്ബറിനൊപ്പം പാര്‍പ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കലാണെന്നുമാണ് വിഎച്ച്പി ആരോപണം. ആയതിനാല്‍ പേര് മാറ്റണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ വനംവകുപ്പ് അധികൃതരെയും ബംഗാളിലെ സഫാരി പാര്‍ക്ക് ഡയറക്ടറെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ഹരജി ഫെബ്രുവരി 20 ചൊവ്വാഴ്ച പരിഗണിക്കും.