എഡിജിപി എം ആര്‍ അജിത് കുമാര്‍ ക്ലീന്‍; സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ എഡിജിപി എം ആര്‍ അജിതകുമാറിന് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത സര്‍ക്കാരിന് സമര്‍പ്പിച്ചു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയുന്ന ഒന്നും അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപോര്‍ട്ട് പറയുന്നത്. നേരത്തേ, അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സമര്‍പ്പിച്ച റിപോര്‍ട്ട് തന്നെയാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. നിലമ്പൂര്‍ എംഎല്‍എയായിരുന്ന പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിന്മേലായിരുന്നു അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കവടിയാറിയിലെ ഫഌറ്റ്, വീട് നിര്‍മാണം, ഫ് ളാറ്റ് വാങ്ങല്‍, സ്വര്‍ണക്കടത്ത് എന്നിവയടക്കമുള്ള കാര്യങ്ങളില്‍ വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തിയത്.