കോടതിയലക്ഷ്യ കേസ്;വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും

കോടതി ഉത്തരവ് ലംഘിച്ച് 2017 ല്‍ മകള്‍ക്ക് 40 മില്യണ്‍ ഡോളര്‍ കൈമാറിയെന്ന കേസിലാണ് വിധി

Update: 2022-07-11 06:18 GMT
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ഒളിവില്‍ പോയ മദ്യവ്യവസായി വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും വിധിച്ച് സുപ്രിംകോടതി.പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.കോടതി ഉത്തരവ് ലംഘിച്ച് 2017 ല്‍ മകള്‍ക്ക് 40 മില്യണ്‍ ഡോളര്‍ കൈമാറിയെന്ന കേസിലാണ് വിധി. ഈ തുക 4 ആഴ്ചകള്‍ക്കകം പലിശയടക്കം ചേര്‍ത്ത് തിരിച്ചടക്കാനും കോടതി നിര്‍ദേശം നല്‍കി.

തുക പലിശ സഹിതം തിരിച്ചടക്കാന്‍ തയ്യാറായില്ലെങ്കില്‍ കണ്ടുകെട്ടല്‍ നടപടികളിലേക്ക് അധികൃതര്‍ക്ക് കടക്കാമെന്നും കോടതി ഉത്തരവിട്ടു.സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹരജിയിലാണ് വിധി പ്രസ്താവം. ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.മല്യ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ബ്രിട്ടനിലേക്ക് ഒളിച്ചുകടന്ന മല്യയുടെ അഭാവത്തിലാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ വര്‍ഷം വിജയ് മല്യയെ യുകെയിലെ കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു. കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട 9000 കോടിയുടെ വായ്പാ തട്ടിപ്പ് കേസില്‍ ഇഡിയും സിബിഐയും മല്യയ്ക്ക് പുറകെയാണിത്. വിജയ് മല്യയുടെ ഫ്രാന്‍സിലെ കോടികള്‍ വിലമതിക്കുന്ന ആസ്തികള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. 14 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടെത്തിയത്. ഇഡിയുടെ അഭ്യര്‍ത്ഥന പ്രകാരം ഫ്രാന്‍സ് അധികൃതര്‍ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു.

9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് മല്യയുടെ പേരിലുള്ളത്. എസ്ബിഐ ഉള്‍പ്പെടെ 13 ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ 2016 മാര്‍ച്ച് 2 നാണ് രാജ്യസഭാ അംഗം കൂടിയായിരുന്ന വിജയ് മല്യ ലണ്ടനിലേക്ക് കടന്നത്. ബ്രിട്ടനില്‍ മൂന്നു വര്‍ഷത്തെ കോടതി നടപടികള്‍ക്കു ശേഷം, തുടര്‍നടപടികള്‍ക്കായി ഇന്ത്യയിലേക്കു നാടുകടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇപ്പോള്‍ ജാമ്യത്തിലാണ് മല്യ.


Tags:    

Similar News