കല്‍പറ്റ: വിംസ് മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാരസമിതി രൂപീകരിച്ചു. ഡിസംബര്‍ 15നകം സര്‍കാരിന് റിപോര്‍ട്ട് നല്‍കും. വിദഗ്ധ സമിതി റിപോര്‍ട്ടിലെ സാമ്പത്തികവും സാങ്കേതികപരവുമായ വസ്തുതകള്‍ ചീഫ് സെക്രട്ടറി പരിശോധിക്കും. വിംസ് മാനേജ്മെന്റുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് രൂപരേഖ തയ്യാറാക്കും. വയനാട് മെഡിക്കല്‍ കോളജിനായി ഡിഎം വിംസ് മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നവംബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
ചീഫ് സെക്രട്ടറിക്കു കീഴില്‍ ധനകാര്യ വിഭാഗം അഡീഷനല്‍ ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി, പ്ലാനിങ് ആന്റ് ഇക്കണോമിക്സ് അഫയേഴ്സ്, പ്രിന്‍സിപ്പല്‍ സെക്രട്ടരി ആരോഗ്യം, എന്നിവരാണു ഉന്നതാധികാര സമിതി മറ്റംഗങ്ങള്‍. നേരത്തേ ഇതു സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപോര്‍ട്ട് ഉന്നതാധികാരസമിതി പരിശോധിക്കും. ഡിസംബര്‍ 15നകം സര്‍ക്കാരിന് അന്തിമ റിപോര്‍ട്ട് നല്‍കും.
ഡിഎം വിംസ് മെഡിക്കല്‍ കോളജ് സര്‍ക്കാരിനു കൈമാറാന്‍ സന്നദ്ധത അറിയിച്ച് ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പന്‍ ജൂണ്‍ അഞ്ചിന് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഈ സമിതി വയനാട് സന്ദര്‍ശിച്ച് പഠനം നടത്തി. ഏറ്റെടുക്കുന്നതിന് അനുകൂല റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഈ റിപോര്‍ട്ടിലെ സാമ്പത്തികവും സാങ്കേതികപരവുമായ വസ്തുതകള്‍ വിലയിരുത്താനാണ് ഉന്നതാധികാരസമിതി രൂപീകരിച്ചത്.
യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളജിനായി മടക്കിമലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി 50 ഏക്കര്‍ ഭൂമി വിട്ടുനല്‍കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജ് ഭൂമിയിലേക്ക് കോടികള്‍ ചെലവിട്ട് റോഡും നിര്‍മിച്ചു. എന്നാല്‍, മടക്കിമലയിലെ മെഡിക്കല്‍ കോളജ് നിര്‍മാണം അട്ടിമറിഞ്ഞു. പരിസ്ഥിതി റിപോര്‍ട്ട് ഉയര്‍ത്തിക്കാട്ടി സി കെ ശശീന്ദ്രന്‍ എംഎല്‍എ നടത്തിയ നീക്കങ്ങള്‍ വിവാദമുയര്‍ത്തി.
അതിനിടെ, ചുണ്ടേലില്‍ മെഡിക്കല്‍ കോളജിനായി പുതിയ ഭൂമി വാങ്ങാന്‍ നടപടികള്‍ മുന്നേറി. പൊടുന്നനെയാണ് വിംസ് മെഡിക്കല്‍ കോളജ് വിലയ്ക്കു വാങ്ങാനുള്ള നിര്‍ദേശമുയര്‍ന്നത്. വിംസ് ഏറ്റെടുക്കലിനു പിന്നില്‍ ചില കേന്ദ്രങ്ങള്‍ കോടികളുടെ കമ്മീഷന്‍ ലക്ഷ്യമിടുന്നതായ ആക്ഷേപം നില നില്‍ക്കുന്നുണ്ട്. വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമായില്ലെങ്കില്‍ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉത്തരം മുട്ടും.
VIMS Acquisition: Chief Secretary will report within a month