ലോക്ക് ഡൗണ്‍ ലംഘിച്ച് പൂജ നടത്തി കൊവിഡ് വ്യാപനത്തിന് വഴിവച്ചു; ക്ഷേത്രഭാരവാഹികള്‍ക്കും തന്ത്രിക്കും സഹായികള്‍ക്കുമെതിരേ കേസ്
കായംകുളം നഗരസഭാ വാര്‍ഡ് 41 ലെ മൂലേശ്ശേരി പേരാത്ത് കുടുംബക്ഷേത്രത്തിലെ സെക്രട്ടറി ഹരിലാല്‍ ഉള്‍പ്പെടെ 27 കുടുംബാംഗങ്ങള്‍ക്കും പൂജയ്ക്ക് നേതൃത്വം നല്‍കിയ തന്ത്രി, തന്ത്രിയുടെ സഹായികള്‍ എന്നിവര്‍ക്കുമെതിരേയാണ് കായംകുളം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കായംകുളം: ലോക്ക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജ നടത്തിയതിനെത്തുടര്‍ന്ന് കൊവിഡ് വ്യാപനമുണ്ടായ സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ക്കും തന്ത്രിക്കും സഹായികള്‍ക്കുമെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കായംകുളം നഗരസഭാ വാര്‍ഡ് 41 ലെ മൂലേശ്ശേരി പേരാത്ത് കുടുംബക്ഷേത്രത്തിലെ സെക്രട്ടറി ഹരിലാല്‍ ഉള്‍പ്പെടെ 27 കുടുംബാംഗങ്ങള്‍ക്കും പൂജയ്ക്ക് നേതൃത്വം നല്‍കിയ തന്ത്രി, തന്ത്രിയുടെ സഹായികള്‍ എന്നിവര്‍ക്കുമെതിരേയാണ് കായംകുളം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ 13 നാണ് അധികൃതരെ അറിയിക്കാതെ നിയമവിരുദ്ധമായി ക്ഷേത്രത്തില്‍ രഹസ്യപൂജ നടത്തിയത്. പൂജയില്‍ പങ്കെടുത്ത പലര്‍ക്കും കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം വാര്‍ഡില്‍ കൊവിഡ് പരിശോധനാ ക്യാംപ് നടത്തിയിരുന്നു. ഇതില്‍ 60 ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഇവരുമായി ബന്ധപ്പെട്ട് 300 ഓളം പേര്‍ ക്വാറന്റൈനിലാകുകയും ചെയ്തു.
സംഭവത്തെത്തുടര്‍ന്ന് വാര്‍ഡ് 41 കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കെട്ടിയടച്ചു. ജില്ലാ ഭരണകൂടവും പോലിസും ചേര്‍ന്ന് ശക്തമായ നിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരം നിയമവിരുദ്ധമായ പൂജകളോ ആരാധനകളോ നടത്തി കൊവിഡ് വ്യാപനം രൂക്ഷമാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി ജി ജയദേവ് മുന്നറിയിപ്പ് നല്‍കി.