ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിയെക്കൊണ്ട് കൈ മസാജ് ചെയ്യിച്ച് അധ്യാപിക (വീഡിയോ)
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിയെക്കൊണ്ട് കൈ മസാജ് ചെയ്യിപ്പിച്ച അധ്യാപികയുടെ നടപടി വിവാദമായി. ഉത്തര്‍പ്രദേശിലെ പോഖാരി പ്രൈമറി സ്‌കൂളിലാണ് സംഭവമുണ്ടായത്. അധ്യാപികയെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. അധ്യാപിക കസേരയില്‍ വിശ്രമിക്കുമ്പോള്‍ ഒരു വിദ്യാര്‍ഥി അരികില്‍നിന്ന് കൈ മസാജ് ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഹര്‍ദോയിലെ പോഖാരി പ്രൈമറി സ്‌കൂളിലെ സഹ അധ്യാപിക ഊര്‍മിള സിങ്ങാണ് വിവാദത്തില്‍പ്പെട്ടത്.
Teacher having bicep Massage by students, Viral video from Hardoi UP govt school. pic.twitter.com/MF8lEQPvEZ
— Grading News (@GradingNews) July 27, 2022
മസാജ് നടക്കുമ്പോള്‍ ഊര്‍മിള ക്ലാസിലെ മറ്റ് കുട്ടികളോട് ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടി ഇടതുകൈ മസാജ് ചെയ്യുമ്പോള്‍ അധ്യാപിക കുപ്പിയില്‍ നിന്ന് വെള്ളം കുടിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ രഹസ്യമായി ആരോ പകര്‍ത്തിസോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ട ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) വി പി സിങ്ങാണ് അന്വേഷണം നടത്തി വകുപ്പുതല നടപടിയെടുക്കാന്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറോട് ആവശ്യപ്പെട്ടത്. റിപോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് സിങ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി.
അതിനിടെ, ഉത്തര്‍പ്രദേശില്‍ വെള്ളക്കെട്ട് കാരണം വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് മറ്റൊരു അധ്യാപിക. സ്‌കൂള്‍ മുറ്റത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കുറേ പ്ലാസ്റ്റിക് കസേരകള്‍ വിദ്യാര്‍ഥികളെക്കൊണ്ട് നിരത്തിച്ച് അധ്യാപിക കസേരയുടെ മുകളിലൂടെ നടന്നുനീങ്ങുന്ന വീഡിയോയാണ് വൈറലായത്. കുറച്ച് വിദ്യാര്‍ഥികള്‍ കസേരകള്‍ വീഴാതെ പിടിച്ചുകൊടുക്കുന്നുണ്ട്. മറ്റു ചിലര്‍ പുതിയ കസേരകള്‍ വച്ചുനല്‍കുന്നുണ്ട്. അധ്യാപിക വെള്ളക്കെട്ട് കടന്ന് താഴെയിറങ്ങുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഈ അധ്യാപികയെയും സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.