സാമ്പത്തിക പ്രതിസന്ധി: വോഡഫോണും എയര്‍ടെല്ലും നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നു
സപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ വോഡഫോണ്‍ ഐഡിയയ്ക്കും എയര്‍ടെല്ലിനും 74,000 കോടി രൂപയോളം നഷ്ടമുണ്ടായെന്നാണ് കണക്ക്
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സേവനനിരക്ക് വര്‍ധിപ്പിക്കാന്‍ വോഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും തയ്യാറെടുക്കുന്നു. ഡിസംബര്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് വോഡഫോണ്‍ ഐഡിയ വാര്‍ത്തൂകുറിപ്പില്‍ അറിയിച്ചു. പോസ്റ്റ്‌പെയ്, പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നാണ് അറിയിപ്പില്‍ ഉള്ളതെങ്കിലും പുതുക്കിയ നിരക്ക് എത്രയാണെന്നു വ്യക്തമാക്കിയിട്ടില്ല. വോഡഫോണ്‍ ഐഡിയ നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തന്നെ എയര്‍ടെല്ലും നിരക്ക് വധിപ്പിക്കുമെന്ന് അറിയിക്കുകയായിരുന്നു. സപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ വോഡഫോണ്‍ ഐഡിയയ്ക്കും എയര്‍ടെല്ലിനും 74,000 കോടി രൂപയോളം നഷ്ടമുണ്ടായെന്നാണ് കണക്ക്. ഐഡിയയ്ക്കു 50,921 കോടിയുടെയും എയര്‍ടെല്ലിന് 23,045 കോടിയുടെയും നഷ്ടമാണുണ്ടായത്. രാജ്യത്തെ ഒരു കോര്‍പറേറ്റ് കമ്പനിക്കു സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടമാണു ഐഡിയയ്ക്കുണ്ടായതെന്നാണു റിപോര്‍ട്ട്. ഇതിനുപുറമെ, ടെലികോം വകുപ്പ് ആവശ്യപ്പെട്ട പ്രകാരമുള്ള തുക ഉടന്‍ നല്‍കണമെന്ന് ഇരു കമ്പനികള്‍ക്കും സുപ്രിംകോടതി കഴിഞ്ഞമാസം നിര്‍ദേശം നല്‍കിയതോടെ സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിച്ചു. ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം ഉപയോഗ നിരക്കുകള്‍, പലിശ, പിഴകള്‍ എന്നിവയില്‍ 44,000 കോടിയിലേറെ രൂപയുടെ അധിക കുടിശ്ശിക മൂന്നുമാസത്തിനകം അടയ്ക്കണമെന്നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. സുപ്രിംകോടതി ഉത്തരവിനെതിരേ ഇരുകമ്പനികളും പുനപരിശോധനാ ഹരജി നല്‍കിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ സഹായമില്ലാതെ മുന്നോട്ടുപോവാനാവില്ലെന്നു വ്യക്തമാക്കിയ കമ്പനികള്‍ ഒടുവില്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.