സഞ്ജീവ് ഭട്ടിന്റെ മോചനത്തിനു വേണ്ടി രാജ്യവ്യാപകമായി ശബ്ദമുയരണം: എന്‍സിഎച്ച്ആര്‍ഒ ആക്റ്റിവിസ്റ്റ്‌സ് മീറ്റ്

''രാജ്യം സഞ്ജീവ് ഭട്ടിനൊപ്പം, അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുക' എന്ന പ്രമേയത്തില്‍ ന്യൂഡല്‍ഹിയിലെ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടും മകന്‍ ശാന്തനു ഭട്ടും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു

Update: 2019-07-07 18:11 GMT

ന്യൂഡല്‍ഹി: ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ മോചനത്തിനു വേണ്ടി രാജ്യവ്യാപകമായി ശബ്ദമുയരണമെന്ന് എന്‍സിഎച്ച്ആര്‍ഒ(നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമണ്‍റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍) സംഘടിപ്പിച്ച ആക്റ്റിവിസ്റ്റ് മീറ്റ് ആവശ്യപ്പെട്ടു. ''രാജ്യം സഞ്ജീവ് ഭട്ടിനൊപ്പം, അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുക' എന്ന പ്രമേയത്തില്‍ ന്യൂഡല്‍ഹിയിലെ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടും മകന്‍ ശാന്തനു ഭട്ടും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. സഞ്ജീവ് ഭട്ട് നാനാവതി കമ്മീഷന്‍ മുമ്പാകെ സത്യം പറഞ്ഞവിരോധം കാരണമാണ് വേട്ടയാടുന്നതെന്ന് ശ്വേതാഭട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടതിയില്‍നിന്നുള്ള അതിവേഗത്തിലുള്ള അനീതിയാണിത്. ഏറെ നിര്‍ഭാഗ്യകരമാണിത്. 2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയെന്ന ഒരേയൊരു കാരണം കൊണ്ടു മാത്രമാണ് മോദി ഭരണകൂടവും അദ്ദേഹത്തെ വേട്ടയാടുന്നത്. എന്റെ സഞ്ജീവ് ഭട്ടിനെ വീട്ടില്‍ തിരിച്ചെത്തിക്കണം. വിയോജിപ്പിന്റെ ശബ്ദങ്ങളെ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് നിശബ്ദമാക്കുകയാണു ചെയ്യുന്നത്. ഇത് സഞ്ജീവിന്റെ കുടുംബപ്രശ്‌നമല്ല. എല്ലാവരുടെയും പ്രശ്‌നമാണ്. ഇന്ന് സഞ്ജീവാണെങ്കില്‍ നാളെ നമ്മളില്‍ ആരുമാവാം. എല്ലാവരും തെരുവിലേക്കിറങ്ങൂ. നീതിക്കു വേണ്ടി ഉച്ചത്തില്‍ സംസാരിക്കൂവെന്നും ശ്വേതാ ഭട്ട് പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ബാബു ബജ്‌റംഗി, മായാ കൊഡ്‌നാനി എന്നിവര്‍ക്ക് കോടതി എളുപ്പത്തില്‍ ജാമ്യം നല്‍കിയത് ഏറെ അല്‍ഭുതപ്പെടുത്തുന്നുവെന്നും എന്തുകൊണ്ട് തന്റെ പിതാവിന് നീതി നിഷേധിക്കുന്നുവെന്നും സഞ്ജീവ് ഭട്ടിന്റെ മകന്‍ ശാന്തനു ഭട്ട് ചോദിച്ചു. എന്റെ പിതാവ് രാജ്യത്തെ സേവിച്ചയാളാണ്. എല്ലാതലത്തിലും അനീതിനിലനില്‍ക്കുമ്പോള്‍ നാം എങ്ങോട്ടാണ് പോവുക. അതുകൊണ്ടാണ് നാം ജനങ്ങളോട് ആവശ്യപ്പെടുന്നത്. മാധ്യമങ്ങളോട് പറയുന്നത്. ജുഡീഷ്യറിയില്‍ നിന്ന് യാതൊരു വിധ ഔദാര്യവും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ ഞങ്ങള്‍ക്ക് നീതി വേണം. ഞങ്ങളെ രക്ഷിക്കണം. അത് ഞങ്ങളുടെ ന്യായമായ അവകാശമാണതെന്നും ശാന്തനു ഭട്ട് പറഞ്ഞു.

    സഞ്ജീവ് ഭട്ടിനെതിരായ കുറ്റാരോപണത്തില്‍ തെളിവിന്റെ ഒരു കണിക പോലുമില്ലെന്നും കേസ് കെട്ടിച്ചമച്ചതും അന്യായവും അനീതിയും നിറഞ്ഞതുമാണെന്നും എന്‍സിഎച്ച്ആര്‍ഒ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ് പറഞ്ഞു. കഠ് വ കേസിലെ അഭിഭാഷക അഡ്വ. ദീപിക എസ് രജാവത്ത്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി അബ്ദുല്‍ വാഹിദ് സേഠ്, ഡല്‍ഹി സര്‍വകലാശാലയിലെ പ്രഫ. നന്ദിത നാരായണ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

    രാവിലെ നടന്ന ആക്റ്റിവിസ്റ്റ് മീറ്റില്‍ എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി അഡ്വ. എ മുഹമ്മദ് യൂസുഫ് സ്വാഗതം പറഞ്ഞു. എന്‍സിഎച്ച്ആര്‍ഒ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട്, മകന്‍ ശാന്തനു ഭട്ട് എന്നിവര്‍ സംസാരിച്ചു. മതത്തെയും രാഷ്ട്രീയത്തെയും ഭരണാധികാരികള്‍ വേര്‍തിരിച്ചുകാണണമെന്ന് ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍(എഐഡിഡബ്ല്യുഎ) നേതാവ് സുഭാഷിണി അലി പറഞ്ഞു. സഞ്ജീവ് ഭട്ടിനു വേണ്ടി മാത്രമുള്ള പ്രക്ഷോഭമല്ലിതെന്നും രാജ്യത്തിന്റെ ഭരണഘടനാ സംരക്ഷണത്തിനു വേണ്ടിയുള്ളതാണെന്നും അവര്‍ പറഞ്ഞു. സഞ്ജീവിന്റെ നീതിക്കു വേണ്ടി ഏതറ്റം വരെയും പോരാടും. അക്കാര്യത്തില്‍ ശ്വേതാ ജിക്ക് യാതൊരു ആശങ്കയും വേണ്ട. ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ട്. നമ്മള്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും സുഭാഷിണി അലി പറഞ്ഞു. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ നാം കൂടുതല്‍ വ്യവസ്ഥാപിതമായും ഏകോപനത്തിലൂടെയും മുന്നോട്ടുപോവണമെന്ന് എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ എം അബ്്ദുര്‍റഹ്്മാന്‍ പറഞ്ഞു. സഞ്ജീവ് ഭട്ടിനു വേണ്ടി മാത്രമല്ല, എല്ലാ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടിയാണ് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

    പരിപാടിയില്‍ അഭിഭാഷകരും സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരുമായ പ്രഫ. നന്ദിനി സുന്ദര്‍(ഡല്‍ഹി യൂനിവേഴ്‌സിറ്റി), ആശിഷ് ഗുപ്ത(സിഡിആര്‍ഒ), അപേക്ഷ പ്രിയദര്‍ശിനി(ബിഎഎസ്ഒ), യേഗേഷ് സ്വാമി(എന്‍ബിഎസ്), അബ്്ദുല്‍ വാഹിദ് സേഠ്(പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), അര്‍ജ്ജുന്‍ പ്രസാദ്(മോര്‍ച്ച പത്രിക), അഡ്വ. അശോക് അറോറ, സുബൈര്‍ അഹമ്മദ്(ജേണലിസ്റ്റ്), പ്രഫ. ഭവാന ബേദി(ഡിയു), നദീം ഖാന്‍(യുനൈറ്റഡ് എഗന്‍സ്റ്റ് ഹേറ്റ്), ഡോ. ബന്‍ജ്യോത്സ്‌ന ലാഹിരി, പ്രഫ. നന്ദിത നാരായണ(ഡിയു), സമീര്‍ അന്ഡസാരി(ഡിഐഎസ്എസ് സി), പര്‍വേസ് ബാരി(ജേണലിസ്റ്റ്) തുടങ്ങിയവര്‍ സംസാരിച്ചു. എന്‍സിഎച്ച്ആര്‍ഒ ഡല്‍ഹി ചാപ്റ്റര്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാര്‍ ഇന്‍ഡോരി നന്ദി പറഞ്ഞു.



Tags:    

Similar News