'വണ്‍ രാഖി ഫോര്‍ സഞ്ജീവ് ഭട്ട്' കാംപയിന്‍; ആദ്യദിനം ജയിലിലേക്കെത്തിക്കുന്നത് 30000 രാഖികള്‍
ആദ്യദിനം തന്നെ 30000 രാഖികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സഞ്ജീവ് ഭട്ടിന്റെ വിലാസത്തില്‍ ജയിലിലെത്തിക്കാന്‍ കൊണ്ടുവന്നത്
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ വിമര്‍ശകനായിരുന്ന ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനു വേണ്ടി രാഖി കാംപയിന്‍. കഠ് വ കേസിലെ ഇരയ്ക്കു വേണ്ടി വാദിച്ച അഭിഭാഷകയായ അഡ്വ. ദീപിക രജാവത് സാമൂഹിക മാധ്യമങ്ങളിലൂടെ തുടങ്ങിയ 'വണ്‍ രാഖി ഫോര്‍ സഞ്ജീവ് ഭട്ട്' കാംപയിനു 'സഹോദരിമാര്‍' മികച്ച പിന്തുണയാണു നല്‍കുന്നത്. ആദ്യദിനം തന്നെ 30000 രാഖികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സഞ്ജീവ് ഭട്ടിന്റെ വിലാസത്തില്‍ ജയിലിലെത്തിക്കാന്‍ കൊണ്ടുവന്നത്. അഹമ്മദാബാദിലെ ഡ്രൈവ് ഇന്‍ റോഡിലെ ഭട്ടിന്റെ വസതിയിലാണ് സഞ്ജീവിനുള്ള രാഖികള്‍ പ്രദര്‍ശിപ്പിച്ചത്. ദീപിക രാജാവത്തിനെ കൂടാതെ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സെഡ്രിക് പ്രകാശ്, പട്ടിദാര്‍ നേതാവ് ഗീതാ പട്ടേല്‍, പ്രവര്‍ത്തകരായ ദേവ് ദേശായി, നൂര്‍ജഹാന്‍ ദിവാന്‍ തുടങ്ങിയവര്‍ സഞ്ജീവ് ഭട്ടിനു പിന്തുണയുമായെത്തി. കഴിഞ്ഞ ദിവസമാണ് ദീപിക രജാവത് 'വണ്‍ രാഖി ഫോര്‍ സഞ്ജീവ് ഭട്ട്' എന്ന ഹാഷ് ടാഗില്‍ കാംപയിന്‍ തുടങ്ങിയത്. ഇതിനെ സഞ്ജീവിന്റെ കുടുംബം പിന്തുണയ്ക്കുകയും ചെയ്തു.
ബുധനാഴ്ച വിവിധ മേഖലകളില്‍ നിന്നുള്ള 300ലേറെ സ്ത്രീകളാണ് സഞ്ജീവ് ഭട്ട് തടവില്‍ കഴിയുന്ന പലന്‍പൂരിലെ ജയിലലെത്തി രാഖി കെട്ടാന്‍ തയ്യാറായി നില്‍ക്കുന്നത്. ജയിലിലെത്തി രാഖി കെട്ടാന്‍ തങ്ങള്‍ക്ക് അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് പട്ടീദാര്‍ നേതാവ് പട്ടിദാര്‍ നേതാവ് ഗീതാ പട്ടേല്‍ പറഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദമാവാന്‍ ശ്രമിച്ചതിനാലാണ് സഞ്ജീവിനെ കള്ളക്കേസില്‍ പ്രതിചേര്‍ത്തതെന്നും അദ്ദേഹത്തിനു മൗലികാവകാശം നിഷേധിക്കുകയാണെന്നും ദീപിക രജാവത് ആരോപിച്ചു. അദ്ദേഹം ഞങ്ങളില്‍ ഒരാളാണെന്ന സന്ദേശം നല്‍കേണ്ടത് ആവശ്യമാണ്. പണത്തിന്റെയും കൈക്കരുത്തിന്റെയും അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ സഞ്ജീവാണെങ്കില്‍ അടുത്ത തവണ അത് മറ്റാരെങ്കിലുമാവും. ഒരുവേള ജുഡീഷ്യറി പോലും കൃത്രിമത്വം നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. നമ്മള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും നമ്മള്‍ സ്വതന്ത്രരാണോയെന്ന് ഫാ. സെഡ്രിക് പ്രകാശ് പറഞ്ഞു. ഗുജറാത്ത് വംശഹത്യ കേസില്‍ അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരേ തെളിവുകള്‍ ഹാജരാക്കിയ ഐപിഎസ് ഓഫിസറായിരുന്നസഞ്ജീവ് ഭട്ടിനെ, കലാപത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രഭുദാസ് എന്നയാള്‍ ജയില്‍മോചിതനായ ശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിനെ കസ്റ്റഡി മരണം എന്നാരോപിച്ച് 30 വര്‍ഷത്തോളം പിന്നിട്ട ശേഷം ജയില്‍ ശിക്ഷ നല്‍കിയത്. ചോദ്യം ചെയ്യലിനിടെ മര്‍ദ്ദനമേറ്റാണ് പ്രഭുദാസ് മരിച്ചതെന്നാണു പ്രോസിക്യൂഷന്‍ വാദിച്ചത്. തുടര്‍ന്നാണ് സഞ്ജീവ് ഭട്ടിന് ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. സഞ്ജീവ് ഭട്ടിനു വേണ്ടി വിവിധ മേഖലകളില്‍നിന്നുള്ളവര്‍ പിന്തുണയുമായെത്തിയിരുന്നു.