വി വി പ്രകാശിന്റെ വിയോഗം: ആദരാഞ്ജലികളുമായി നേതാക്കള്‍

Update: 2021-04-29 01:06 GMT

നിലമ്പൂര്‍: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി വി പ്രകാശിന്റെ വിയോഗത്തില്‍ ആദരാഞ്ജലികളുമായി വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍. സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറിച്ചു. നിലമ്പൂരില്‍ യുഡിഎഫ് വന്‍ വിജയം ഉണ്ടാകുമെന്ന വിശ്വാസം കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും പ്രകാശ് പറഞ്ഞിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ വിട പറയേണ്ടി വന്നു എന്നത് വളരെ ദു:ഖകരമാണ്. കെഎസ്‌യു കാലം മുതല്‍ക്കേ ആരംഭിച്ച ഊഷ്മളമായ ബന്ധം യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഭാരവാഹി ആയപ്പോഴും ഞങ്ങള്‍ക്കിടയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും ചെന്നിത്തല അറിയിച്ചു.

    പ്രിയപ്പെട്ട വി വി പ്രകാശ് നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അകാല വിയോഗത്തില്‍ ദുഖാര്‍ത്തരായ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും കെപിസിസി വര്‍ക്കിങ് പ്രസിഡന്റും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്‍ എംപി അറിയിച്ചു. നന്മയുടെയും സ്‌നേഹത്തിന്റെയും സംശുദ്ധ രാഷ്ട്രീയത്തിന്റെയും പ്രതീകമായ വി വി പ്രകാശിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് വ്യക്തമാക്കി.

    ഏറെ വേദനാജനകമായ വാര്‍ത്തയാണ് അതിരാവിലെ തന്നെ കേള്‍ക്കാന്‍ സാധിച്ചതെന്നും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അഗാധമായ ദുഖത്തില്‍ പങ്കുചേരുന്നതായും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ് ബുക്കില്‍ കുറിച്ചു. സൗഹൃദങ്ങള്‍ക്ക് ഏറെ വില കല്‍പിച്ചിരുന്ന നല്ലൊരു പൊതു പ്രവര്‍ത്തകനായിരുന്നു വി വി പ്രകാശെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം ഓര്‍മിച്ചു. മതനിരപേക്ഷ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാറുണ്ടായിരുന്നില്ല. നല്ല സുഹൃത്തിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നതായും അദ്ദേഹം വ്യക്തമാക്കി. അവിശ്വസിനീയമാണെന്നും പ്രിയ സുഹൃത്ത് വി വി പ്രകാശിന് കണ്ണീരോടെ വിട നല്‍കുന്നതായും എല്‍ഡിഎഫ് നിലമ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ പി വി അന്‍വര്‍ അറിയിച്ചു.

VV Prakash's demise: Leaders with tributes

Tags:    

Similar News