കര്‍ണാടക വഖ്ഫ് ബോര്‍ഡ് പ്രസിഡന്റ് ഷാഫി സഅദി ഉള്‍പ്പെടെയുള്ളവരുടെ നോമിനേഷന്‍ റദ്ദാക്കി

Update: 2023-05-23 14:47 GMT

ബെംഗളൂരു: ബിജെപി ഭരണകാലത്ത് നിയമിതരായ കര്‍ണാടക വഖ്്ഫ് ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നാല് പേരുടെ നാമനിര്‍ദേശം സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കി. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വഖിഫ് ബോര്‍ഡ് ചെയര്‍മാന്‍ മൗലാന എന്‍ കെ മുഹമ്മദ് ഷാഫി സഅദി, ബോര്‍ഡ് അംഗങ്ങളായ മിര്‍ അസ്ഹര്‍ ഹുസയ്ന്‍, ജി യാക്കൂബ്, ഐഎഎസ് ഓഫിസര്‍ സെഹ്‌റ നസീം എന്നിവരുടെ നാമനിര്‍ദേശമാണ് റദ്ദാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഷാഫി സഅദി കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇദ്ദേഹം ബിജെപി നോമിനിയാണെന്ന ആരോപണമുണ്ടായിരുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിനു പിന്നാലെ ഷാഫി സഅദി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാറില്‍ മുസ്‌ലിംകള്‍ക്ക് ഉപമുഖ്യമന്ത്രി പദവിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും നല്‍കണമെന്നാണ് ഷാഫി സഅദി ആവശ്യപ്പെട്ടിരുന്നത്.

    ഇതിനെ സംഘപരിവാര മാധ്യമങ്ങള്‍ വലിയ തോതില്‍ ന്യൂനപക്ഷങ്ങള്‍ പിടിമുറുക്കുന്നു എന്ന അവകാശവാദവുമായി പ്രചാരണം നടത്തിയിരുന്നു. 2021 നവംബര്‍ 17നാണ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ശാഫി സഅദി വിജയിച്ചത്. വഖ്ഫ് ബോര്‍ഡ് അംഗമായിരിക്കെയാണ് അദ്ദേഹം ചെയര്‍മാന്‍ പദവിയിലെത്തിയത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗത്തിന്റെ കര്‍ണാടകയിലെ നേതാവാണ് ഷാഫി സഅദി. കര്‍ണാടക മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി കൂടിയായ ശാഫി സഅദി 2010ലും 2016ലും കര്‍ണാടക എസ്എസ്എഫിന്റെ പ്രസിഡന്റായിരുന്നു.

Tags:    

Similar News