ബംഗളൂരു: കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍ കെ എം ശാഫി സഅദി രാജിവച്ചു. കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് രാജിവച്ചതെന്നാണ് സൂചന. പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നത് വരെ ഇടക്കാല പ്രസിഡന്റായി അദ്ദേഹം തദ്സ്ഥാനത്ത് തുടരും. മുട്ടല വഖ്ഫ് ഡിവിഷനില്‍ നിന്നുള്ള ബോര്‍ഡ് അംഗം അന്‍വര്‍ ചിത്രദുര്‍ഗയും ബാര്‍ കൗണ്‍സില്‍ പ്രതിനിധി അഡ്വ. റിയാസ് ഖാനും ധാരണ പ്രകാരം അടുത്ത തിരഞ്ഞെടുപ്പില്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. നേരത്തേ, വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ. മുഹമ്മദ് യൂസുഫിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഒന്നര വര്‍ഷം മുമ്പ് തിരഞ്ഞെടുപ്പിലൂടെ ശാഫി സഅദി വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി പിന്തുണയോടെയാണ് ചെയര്‍മാന്‍ സ്ഥാനത്തെത്തിയ ഷാഫി സഅദിയെ
കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും പിന്നീട് ഉത്തരവ് റദ്ദാക്കി. സമസ്ത കാന്തപുരം വിഭാഗം നേതാവായ ശാഫി സഅദിയുടേതടക്കം നാലുപേരുടെ നാമനിര്‍ദേശമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നത്. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു. 2010ലും 2016ലും എസ്എസ്എഫ് കര്‍ണാടക സ്‌റ്റേറ്റ് പ്രസിഡന്റായിരുന്നു ഷാഫി സഅദി.