വഖ്ഫ്: ആരില്ലെങ്കിലും ലീഗ് സമരവുമായി മുന്നോട്ടുപോവും- കെ പി എ മജീദ്

വഖ്ഫ് ബോര്‍ഡിലേക്കുള്ള നിയമനം പിഎസ്‌സിക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ കലറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2021-12-04 09:07 GMT

കണ്ണൂര്‍: വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ലീഗ് നടത്തുന്ന സമരത്തോടൊപ്പം ആരുണ്ടായാലും ഇല്ലെങ്കിലും മുസ്‌ലിം ലീഗ് സമരവുമായി മുന്നോട്ടുപോവുമെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെ പി എ മജീദ്.

വഖ്ഫ് ബോര്‍ഡിലേക്കുള്ള നിയമനം പിഎസ്‌സിക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ കലറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോര്‍ഡ് നിയമനം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനും വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്കും വിട്ടതിന്റെ ന്യായീകരണമെന്താണ്. അതിലെ ലോജിക്ക് എന്താണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കെ പി എ മജീദ് ആവശ്യപ്പെട്ടു. വഖ്ഫ് വിഷയത്തില്‍ പള്ളികളില്‍ ബോധവല്‍ക്കരണം നടത്തുമെന്ന ലീഗിന്റെ പ്രഖ്യാപനം തള്ളി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയ്യാറായ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടിനെ പരോക്ഷമായി സൂചിപ്പിക്കുന്നതാണ് മജീദിന്റെ പരാമര്‍ശമെന്നാണു വിലയിരുത്തപ്പെടുന്നത്.

തികച്ചും വര്‍ഗീയ കാഴ്ചപ്പാടോടെ പ്രതിപക്ഷ എതിര്‍പ്പിനെ വകവയ്ക്കാതെ എടുത്ത തീരുമാനത്തിനെതിരേ മുസ്‌ലിം ലീഗ് നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്നു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി പറഞ്ഞു. കലക്ടറേറ്റിന്റെ പ്രധാന കവാടത്തില്‍ സ്ഥാപിച്ച ബാരിക്കേഡ് ഇളക്കി മാറ്റാനുള്ള പ്രവര്‍ത്തകരുടെ ശ്രമം നേതാക്കള്‍ ഇടപ്പെട്ട് തടഞ്ഞു.

മാര്‍ച്ചിന് ശേഷം നടന്ന പ്രതിഷേധ സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു.കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ഫാറൂഖ് വട്ടപ്പൊയില്‍, വി പി വമ്പന്‍, വഖഫ് ബോര്‍ഡ് അംഗം പി വി സൈനുദ്ദീന്‍, കെ പി താഹിര്‍ സംസാരിച്ചു. അഡ്വ. കെ എ ലത്തീഫ്, ടി എ തങ്ങള്‍, എന്‍ എ അബൂബക്കര്‍ നേതൃത്വം നല്‍കി.

Tags:    

Similar News