'ലീഗ് വര്‍ഗീയ പാര്‍ട്ടി തന്നെ, കെ എം ഷാജി അഭിനവ ബാഗ്ദാദി'; കടന്നാക്രമിച്ച് എ എന്‍ ശംസീര്‍
കണ്ണൂര്‍: ഇടതുപക്ഷത്തെ തകര്‍ക്കാനാണ് വഖ്ഫിന്റെ പേരില്‍ കലാപം നടത്തുന്നതെന്ന് എ എന്‍ ശംസീര്‍ എംഎല്‍എ. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റ ഭാഗമായി എരിപുരത്ത് നടത്തിയ മതനിരപേക്ഷ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ പ്രതിഷേധിക്കുകയോ മറ്റോ ചെയ്യാതെ മതസംഘടനകളെ ഇളക്കിവിട്ട് കലാപമുണ്ടാക്കുന്നു. മതനിരപേക്ഷ പാര്‍ട്ടിയെന്ന് ഇന്നലെകളില്‍ പറഞ്ഞ മുസ്‌ലിം ലീഗ് ലക്ഷണമൊത്ത വര്‍ഗീയ പാര്‍ട്ടിയാണെന്ന് ഇന്ന് പറയുന്നു. അതുകൊണ്ടുതന്നെ കെ എം ഷാജി അഭിനവ അബൂബക്കര്‍ അല്‍ ബഗ്ദാദിയാണ്. നിങ്ങള്‍ വിളിക്കുന്നു കേരളത്തിന്റെ മുഖ്യമന്ത്രി ചെത്തുകാരന്റെ മകനെന്ന്. അദ്ദേഹം അതില്‍ അഭിമാനിക്കുന്നുവെന്നാണ് പറഞ്ഞത്.
ചെത്ത് ഒരു അന്തസ്സുള്ള തൊഴിലാണ്. കേരളത്തിലെ മുസ്‌ലിം മതന്യൂനപക്ഷങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്നത് ഈ ചെത്തുകാരന്റെ മകനെന്ന് നിങ്ങള്‍ വിളിച്ചാക്ഷേപിക്കുന്ന മകനിലാണ്. അല്ലാതെ പാണക്കാട് കുടുംബത്തിലല്ലെന്നും എ എന്‍ ശംസീര്‍ എംഎല്‍എ പറഞ്ഞു. തലശ്ശേരി വര്‍ഗീയ കലാപകാലത്തും കാത്തത് ഇടതുപക്ഷമായതിനാലാണ് തലശ്ശേരി ചുവന്നുതുടുത്തിരിക്കുന്നത്. അതിനെ ആര്‍ക്കും മാറ്റാനാവില്ല. മതരാഷ്ട്രവാദം പറയുന്ന ജമാഅത്തെ ഇസ്‌ലാമി ലീഗിനെ വിഴുങ്ങുകയാണ്. ജമാഅത്തിന്റെ സ്ഥാപനത്തില്‍ പഠിച്ച കെ എം ഷാജിയെന്ന അബൂബക്കര്‍ അല്‍ ബഗ്ദാദി വിഴുങ്ങുകയാണ്. ലീഗിന്റെ വര്‍ഗീയ നിലപാടില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം.
കോണ്‍ഗ്രസില്‍നിന്നു ജനം പ്രതീക്ഷിക്കുന്നതല്ല രാഹുല്‍ഗാന്ധിയില്‍ നിന്നുണ്ടാവുന്നത്. മൃദു ഹിന്ദുത്വവാദവുമായാണ് കോണ്‍ഗ്രസ് മുന്നോട്ടുപോവുന്നത്. മോദിയും രാഹുല്‍ ഗാന്ധിയും മല്‍സരിച്ച് അമ്പലത്തില്‍ കയറുകയാണ്. സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ്സിന്റെ പങ്കെന്തെന്ന് വ്യക്തമാക്കണം. അടിയും കുത്തും കൊലയുമൊന്നും വേണ്ട, മുദ്രാവാക്യം വിളിച്ചെന്നെങ്കിലും പറയാന്‍ കഴിയുമോ. മാപ്പ് പറയലിന്റെ ഹോള്‍സെയിലുകാരാണ് ആര്‍എസ്എസ്സുകാര്‍. ബ്രിട്ടീഷുകാരോട് പരസ്യമായി മാപ്പ് പറഞ്ഞ് പുറത്തിറങ്ങിയവരാണ് ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ അവകാശികളാവാന്‍ ശ്രമിക്കുന്നത്. നാണമുണ്ടോ നിങ്ങള്‍ക്ക്. ആര്‍എസ്എസ്സിന്റെ തനിനിറം ഈ നാട്ടുകാര്‍ക്കറിയാമെന്നും എ എന്‍ ശംസീര്‍ എംഎല്‍എ പറഞ്ഞു.
വഖ്ഫ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരേ മുസ്‌ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ റാലിയില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് കെ എം ഷാജിയും ലീഗ് നേതാക്കളും നടത്തിയ പ്രസംഗത്തിനാണ് എ എന്‍ ശംസീര്‍ മറുപടി പറഞ്ഞത്. മുസ്‌ലിം ലീഗ് വിട്ട് സിപിഎമ്മിലേക്ക് പോവുന്നവര്‍ ദീനുമായി അകലുകയാണെന്നും മതം വിട്ടുപോവുകയാണെന്നുമായിരുന്നു കെ എം ഷാജിയുടെ വാദം. വഖ്ഫ് സ്വത്തുക്കളുടെ മാലിക് അഥവാ ഉടമസ്ഥന്‍ ടി കെ ഹംസയല്ല അല്ലാഹുവാണ്. വഖ്ഫില്‍നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ടി കെ ഹംസ സംഭാവന നല്‍കിയിട്ടുണ്ട്. അങ്ങനെ നല്‍കാന്‍ ടി കെ ഹംസയ്ക്ക് എന്താണ് അധികാരം.
സംഭാവന നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍, ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച അരിയും പഞ്ചസാരയും മറിച്ചുവിറ്റവര്‍ക്ക് അത് നല്‍കിയതാണ് പ്രശ്‌നം. വഖ്ഫിന്റെ സ്വത്ത് വിനിയോഗിക്കുന്നതില്‍ നിബന്ധനകളുണ്ട്. അതനുസരിച്ച് മാത്രമേ അവ വിനിയോഗിക്കാവൂ. ഏതെങ്കിലും പ്രാദേശിക പ്രശ്‌നത്തിന്റെ പേരിലോ സീറ്റിന്റെ പേരിലോ മുസ്ലിം ലീഗ് വിട്ട് സിപിഐ.എമ്മിലേക്ക് പോകുന്നവര്‍ ദീനുമായി അകലുകയാണ് ചെയ്യുന്നത്. തലശ്ശേരിയിലും കൊടുങ്ങല്ലൂരിലും പൊന്നാനിയിലുമെല്ലാം അതിന്റെ ഉദാഹരണങ്ങള്‍ കാണാം. സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരെല്ലാം നശിച്ചുപോവുകയാണ് ചെയ്തിട്ടുള്ളതെന്നും ഷാജി പ്രസംഗത്തില്‍ പറഞ്ഞുവച്ചു.