ലീഗിന്റേത് രാഷ്ട്രീയ റാലി; വഖഫ് വിഷയത്തില്‍ സമസ്ത സമരത്തിനില്ലെന്ന് ജിഫ്രി തങ്ങള്‍

സമസ്ത നേരത്തെയും സമരം പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധ പ്രമേയം പാസാക്കാനും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാനുമാണ് സമസ്ത തീരുമാനിച്ചത്.

Update: 2021-12-08 07:40 GMT

മലപ്പുറം: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്ത സമരത്തിനില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്‌ലിം ലീഗ് കോഴിക്കോട് നടത്തുന്നത് രാഷ്ട്രീയ റാലിയാണെന്നും ഒരു പാര്‍ട്ടിയോടും സമസ്തയ്ക്ക് അകലമില്ലെന്നും ജിഫ്രി തങ്ങള്‍ ചേളാരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ഡിസംബര്‍ ഒമ്പതിന് മുസ്‌ലിം ലീഗ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം.

ലീഗുമായി അകലമുണ്ടോ എന്ന ചോദ്യത്തിനാണ് ഒരു പാര്‍ട്ടിയുമായും അകലമില്ലെന്ന് തങ്ങള്‍ മറുപടി നല്‍കിയത്. 'ലീഗിന്റെ റാലി രാഷ്ട്രീയ റാലിയാണ്. അതില്‍ പങ്കെടുക്കുന്നത് ലീഗുകാരാണ് തീരുമാനിക്കേണ്ടത്. മുസ്‌ലിം സംഘടനകളുടെ പൊതു കോ-ഓഡിനേഷന്‍ കമ്മിറ്റി സമസ്തയ്ക്കില്ല. അത് ആവശ്യം വരുമ്പോള്‍ തങ്ങന്‍മാര്‍ വിളിക്കുമ്പോള്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്യുക എന്നതാണ്- മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. സമസ്ത നേരത്തെയും സമരം പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധ പ്രമേയം പാസാക്കാനും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാനുമാണ് സമസ്ത തീരുമാനിച്ചത്.

അതിനിടെ, വിഷയം സംസാരിച്ചുതീര്‍ക്കണമെന്ന് മുഖ്യമന്ത്രി ഇങ്ങോണ്ട് ആവശ്യപ്പെടുകയായിരുന്നു. മാന്യമായാണ് മുഖ്യമന്ത്രി ഇടപെട്ടത്. തുടര്‍നടപടികള്‍ മരവിപ്പിച്ചെന്നും മറ്റു കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. സംസാരം അനുകൂലമാണെങ്കില്‍ സമരത്തിന്റെ ആവശ്യമില്ലല്ലോ. അനുകൂലമല്ലെങ്കില്‍ അതിനനുസരിച്ച്് കാര്യങ്ങള്‍ തീരുമാനിക്കും- ജിഫ്രി തങ്ങള്‍ പറഞ്ഞു. നിയമം പിന്‍വലിച്ചിട്ടില്ലല്ലോ എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'പിന്‍വലിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല.

തുടര്‍നടപടി ഇല്ലാത്ത നിലയ്ക്ക് ഭാവില്‍ എന്തുചെയ്യണമെന്ന് ബന്ധപ്പെട്ടവരോട് കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് പറഞ്ഞത്. ഇത് മാന്യമായ വാക്കല്ലേ. ഞങ്ങള്‍ ആദ്യമേ സമരം ചെയ്തിട്ടില്ല. സമസ്തയ്ക്ക് സമരം എന്നൊരു സംഗതിയില്ല. പിന്നെ പ്രതിഷേധമാണ്. സമസ്ത പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ല. പ്രതിഷേധ പ്രമേയം പാസാക്കിയിട്ടുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്‌ലിം സംഘടനകളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി വിളിച്ചുകൂട്ടുകയും പിന്തുണ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് വഖഫ് വിഷയത്തില്‍ മുസ്‌ലിം ലീഗ് സമരം ആസൂത്രണം ചെയ്തത്. ശേഷം പ്രബലകക്ഷിയായ സമസ്ത പിന്‍മാറുകയായിരുന്നു. മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ചക്ക് വിളിച്ചതോടെയാണ് സമസ്ത നിലപാട് മയപ്പെടുത്തിയത്.

Tags:    

Similar News