മുസ്‌ലിം ലീഗിന്റെ വഖ്ഫ് സംരക്ഷണ റാലി: 10,000 പേര്‍ക്കെതിരേ കേസ്
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം, അനുമതിയില്ലാതെ ജാഥ നടത്തല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വെള്ളയില്‍ പോലിസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കോഴിക്കോട്: മുസ്‌ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിക്കെതിരേ കേസെടുത്ത് പോലിസ്. ഈ മാസം ഒമ്പതിന് നടന്ന പരിപാടിയില്‍ പങ്കെടുത്ത 10,000 പേര്‍ക്കെതിരേയാണ് കേസെടുത്തത്. ലീഗ് നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന 10,000 പേര്‍ക്കുമെതിരേയാണ് കേസ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം, അനുമതിയില്ലാതെ ജാഥ നടത്തല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വെള്ളയില്‍ പോലിസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഖ്ഫ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പരിപാടിക്കിടെ ലീഗ് സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരേ വിദ്വേഷപരാമര്‍ശം നടത്തുകയും ചെയ്തത് വലിയ വിവാദമായിരുന്നു. എന്നാല്‍, പോലീസിന്റെ അനുമതിയോടെയാണ് റാലി സംഘടിപ്പിച്ചതെന്നും ഗതാഗത നിയന്ത്രണം ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും ലീഗ് നേതൃത്വം പറയുന്നു. വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്തതിന് കേസെടുക്കുന്ന കണ്ടാലറിയുന്ന പതിനായിരം പേരില്‍ ഒന്നാമതായി പീച്ചിമണ്ണില്‍ അബ്ദുസലാം എന്ന പേര് എഴുതണമെന്ന് പി എം എ സലാം പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് സലാം ഇക്കാര്യം അറിയിച്ചത്.