ധാക്ക: വിദ്യാര്‍ഥി പ്രതിഷേധത്തെ അടിച്ചമര്‍ത്തി നിരവധി പേരെ കൊന്ന കേസിലെ പ്രതിയായ മുന്‍ പ്രധാനമന്ത്രി ശെയ്ഖ് ഹസീനയെ വിട്ടുനല്‍കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യഉപദേശകനായ മുഹമ്മദ് യൂനുസ്. ശെയ്ഖ് ഹസീനയുടെ ഭരണത്തിന്റെ അവസാനകാലത്ത് 1,500 ഓളം പേര്‍ ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടിരുന്നു. ഏകദേശം 20,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓരോ മരണത്തിനും ഓരോ പരിക്കിനും ഹസീന മറുപടി പറയേണ്ടി വരുമെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു.
കൊലക്കേസില്‍ ഹസീനയെ പിടികൂടി ഹാജരാക്കാന്‍ കേസുകള്‍ പരിഗണിക്കുന്ന കോടതികള്‍ നേരത്തെ തന്നെ വാറന്റ് ഇറക്കിയിരുന്നു. എന്നാല്‍, ഇവര്‍ രാജ്യത്തില്ലെന്നും തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതികളെ അറിയിച്ചിരിക്കുന്നത്.
വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ രാജ്യം വിട്ടോടി ഇന്ത്യയില്‍ എത്തിയ ഹസീന നിലവില്‍ ഡല്‍ഹിയിലെ രഹസ്യകേന്ദ്രത്തിലാണ് കഴിയുന്നത്. ഹസീനയെ ബംഗ്ലാദേശിന് വിട്ടുനല്‍കുന്നതില്‍ ഇന്ത്യയാണ് അന്തിമതീരുമാനമെടുക്കേണ്ടത്. ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറുന്ന കരാര്‍ ഉണ്ടെങ്കിലും രാഷ്ട്രീയപരമായ കുറ്റകൃത്യങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ കഴിയും.