2019 ലെ തെരെഞ്ഞെടുപ്പ് നിലപാട് വെൽഫെയർ പാർട്ടി എക്കാലവും തുടരണമെന്നില്ല: ഹമീദ് വാണിയമ്പലം
വെൽഫെയർ പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
മലപ്പുറം: 2019-ലെ പാർലമെൻ്റ് തെരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി കേരളത്തിൽ സ്വീകരിച്ച നിലപാട് എക്കാലവും തുടരണമെന്നില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന ഏറ്റവും കടുത്ത ഭീഷണി സംഘ്പരിവാറിന്റെ ഹിന്ദുത്വ ഫാഷിസമാണ്. ഈ രാഷ്ട്രീയത്തെ സാമൂഹികമായും രാഷ്ട്രീയമായും സാംസ്കാരികമായും പ്രതിരോധിക്കൽ സുപ്രധാന രാഷ്ട്രീയ പ്രവർത്തനമാണ്. ഇതര സംസ്ഥാനങ്ങളിൽ സംഘ്പരിവാർ അധികാര തേരോട്ടങ്ങൾ നടത്തിയപ്പോഴും കേരളത്തിലെ ഇടതു - വലതു മുന്നണികളിൽ ഉൾപ്പെട്ട പാർട്ടികളെയാണ് ജനങ്ങൾ തെരഞ്ഞെടുപ്പിൽ പിന്തുണച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ വിശാലമായ സംഘ് വിരുദ്ധ രാഷ്ട്രീയം മുൻനിർത്തി വെൽഫെയർ പാർട്ടി സ്വീകരിച്ച നിലപാട് കേരളം ചർച്ച ചെയ്തതാണ്. ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ തലത്തിൽ ഇടതു വലതു മുന്നണികളും അതിലെ പാർട്ടികളും ന്യൂനതകൾ ഉള്ളപ്പോൾ തന്നെ ആശയത്തിലും പ്രയോഗത്തിലും ഒരേ തലത്തിൽ നിൽക്കുന്നവരാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും പിന്തുണ കൊടുക്കാൻ തീരുമാനിച്ചത് അന്നത്തെ സാഹചര്യങ്ങൾ പരിഗണിച്ചാണ്. ആ പിന്തുണ സ്ഥായിയായ ഒന്നല്ല. തദ്ദേശ തെരെഞ്ഞെടുപ്പിൽ പ്രാദേശിക ധാരണകളാണ് പാർട്ടി രൂപപ്പെടുത്തിയത്. അന്നത്തെ സംഘടനാ സാഹചര്യങ്ങളിൽ നിന്ന് വെൽഫെയർ പാർട്ടി മുന്നോട്ട് പോയിട്ടുണ്ട്. ലോക്സഭാ തെരെഞ്ഞെടുപ്പ് കേരള ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനാകില്ല. കേരളത്തിലെ ഇടതു സർക്കാർ പല സന്ദർഭങ്ങളിലും സംഘ്പരിവാറിൻ്റെ അതേ നിലപാടുകൾ പിന്തുടരുന്നുണ്ട്. ദേശീയ തലത്തിൽ സംഘ്പരിവാറിനെ എതിർക്കുന്ന ഇടതു പാർട്ടികളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണിതെന്ന് അദ്ദേഹം പറഞ്ഞു. മതേതര പക്ഷത്തുള്ള ചെറുതും വലുതുമായ എല്ലാ പാർട്ടികളും ഒരുമിച്ചു നിലയുറപ്പിക്കാതെ സംഘ്പരിവാർ സർക്കാരിനെ താഴെയിറക്കാൻ സാധിക്കില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത വെൽഫയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ മതേതര പാർട്ടി എന്ന നിലയിൽ ഇക്കാര്യത്തിൽ കോൺഗ്രസിന് വലിയ ഉത്തരവാദിത്തമുണ്ട്. ഈ വിഷയത്തിൽ കോൺഗ്രസ് അടക്കമുള്ള ചില പാർട്ടികൾ പുലർത്തുന്ന അനാവശ്യ പിടിവാശിയും വിമുഖതയും ദൗർഭാഗ്യകരമാണ്. സംഘ് വിരുദ്ധ മതേതര രാഷ്ട്രീയ കൂട്ടായ്മക്കായുള്ള ശ്രമങ്ങൾ വെൽഫയർ പാർട്ടി പൂർവാധികം ശക്തിയോടെ തുടരുമെന്നും അദ്ദേഹം കൂട്ടുചേർത്തു. ഡിസംബർ 27, 28, 29 തിയതികളിലായി നടക്കുന്ന മൂന്നാം സംസ്ഥാന സമ്മേളനത്തിന് പി.സി. ഹംസ - തെന്നിലാപുരം രാധാകൃഷ്ണൻ നഗറിൽ (മലപ്പുറം താജ് ആഡിറ്റോറിയത്തിൽ) സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പതാക ഉയർത്തി. ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് രാഷ്ട്രീയ റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. രാഷ്ട്രീയ നയരേഖയെ മുൻ നിർത്തി സമ്മേളന പ്രതിനിധികളുടെ നേതൃത്വത്തിൽ ചർച്ച നടന്നു. ഫെഡറൽ വർക്കിംഗ് കമ്മിറ്റിയംഗം കെ.എസ് അബ്ദുറഹ്മാൻ അഭിവാദ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമ്മേളനം ജനറൽ കൺവീനർ റസാഖ് പാലേരി, ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹിം, വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിശ, സംസ്ഥാന ട്രഷറർ പി.എ അബ്ദുൽ ഹക്കീം, സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, സജീദ് ഖാലിദ്, എസ്. ഇർഷാദ്, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്, എഫ്ഐടിയു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്‌ദ റൈഹാൻ, അസറ്റ് പ്രതിനിധി ഹനീഫ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ സ്വാഗതം പറഞ്ഞു. ഡിസംബർ 29-ന് മലപ്പുറം ജില്ലയിലെ ഒരു ലക്ഷം പ്രവർത്തകർ പങ്കെടുക്കുന്ന ബഹുജന റാലിയും വലിയങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തോടെയുമാണ് സംസ്ഥാന സമ്മേളനം സമാപിക്കുന്നത്.