ജമ്മു കശ്മീരിലെ മണ്ഡല പുനര്‍ നിര്‍ണയത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്ത്?

കേന്ദ്ര സര്‍ക്കാരിന്റെ ഈ കുടില നീക്കത്തെ പിന്‍വാതിലിലൂടെ അധികാരംപിടിക്കാനുമുള്ള വഞ്ചനാപരമായ ശ്രമമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Update: 2021-12-25 19:38 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിയമസഭാ സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള അതിര്‍ത്തി നിര്‍ണയ കമ്മിഷന്റെ നിര്‍ദേശം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.ജമ്മു ഡിവിഷനില്‍ ആറ് സീറ്റുകളും കശ്മീര്‍ മേഖലയില്‍ ഒരു സ്വീറ്റും വര്‍ധിപ്പിക്കാനാണ് അതിര്‍ത്തി നിര്‍ണയ കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്.

കേന്ദ്ര സര്‍ക്കാരിന്റെ ഈ കുടില നീക്കത്തെ പിന്‍വാതിലിലൂടെ അധികാരംപിടിക്കാനുമുള്ള വഞ്ചനാപരമായ ശ്രമമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇരട്ട തലസ്ഥാനമെന്നത് ഒഴിവാക്കി ജമ്മുവിനെ അധികാരകേന്ദ്രമാക്കി മാറ്റാനും കേന്ദ്രം നീക്കം നടത്തുന്നുണ്ട്.

ജമ്മുവില്‍ കത്വ, സാംബ, ഉദ്ധംപുര്‍, ദോഡ, രജൗരി, കിഷ്ത്വാര്‍ ജില്ലകളില്‍ ഒരോ സീറ്റും കശ്മീരിലെ കുപ്‌വാരയില്‍ ഒന്നും കൂട്ടാനാണ് സുപ്രിംകോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായ് അധ്യക്ഷയായ കമീഷന്റെ ശുപാര്‍ശ ചെയ്തത്.

നീക്കം ജനസംഖ്യാനുപാത പ്രാതിനിധ്യത്തെ തകിടം മറിക്കും

2019ന് മുമ്പ് ജമ്മു കശ്മീര്‍ നിയമസഭയില്‍ 87 സീറ്റാണ് ഉണ്ടായിരുന്നത്. ജമ്മുവില്‍ 37, കശ്മീര്‍ 46, ലഡാക് നാല് എന്നിങ്ങനെയായിരുന്നു ഇത്. പുതിയ ശുപാര്‍ശയ്ക്ക് അംഗീകാരം ലഭിച്ചാല്‍, ജമ്മുവിന് 43 ഉം കശ്മീരിന് 47 സീറ്റുമാകും. 16 സീറ്റ് പട്ടിക വിഭാഗത്തിന് മാറ്റിവയ്ക്കാനും ശുപാര്‍ശയുണ്ട്.

ജമ്മു കശ്മീരില്‍ സ്വന്തം മുഖ്യമന്ത്രിയെന്ന ബിജെപിയുടെ ദീര്‍ഘകാല സ്വപ്‌നം വഞ്ചനയിലൂടെ സാക്ഷാത്ക്കരിക്കാനുള്ള നീക്കമാണിതെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു. 2011 സെന്‍സസില്‍ ജമ്മുവില്‍ 53.5 ലക്ഷവും കശ്മീരില്‍ 68.8 ലക്ഷവുമാണ് ജനസംഖ്യ. ഇതുപ്രകാരം കശ്മീരില്‍ സീറ്റുകള്‍ 46ല്‍ നിന്ന് 51 ആയും ജമ്മുവില്‍ 37ല്‍ നിന്ന് 39ഉം ആവണം. എന്നാല്‍, ജമ്മുവില്‍ 1,25,082 പേര്‍ക്കായി ഒരു മണ്ഡലവും കശ്മീരിലെ 1,46,543 പേര്‍ക്കുവേണ്ടി ഒരു മണ്ഡലവും രൂപീകരിക്കാമെന്നാണ് കമീഷന്‍ നിലപാട്.

ഇതോടെ, കശ്മീര്‍ താഴ്‌വരയിലെ 10,09,621 ജനങ്ങള്‍ക്ക് ജനസംഖ്യാനുപാത പ്രകാരമുള്ള പ്രാതിനിധ്യം നിഷേധിക്കപ്പെട്ടെന്ന് ജമ്മു കശ്മീര്‍ മുന്‍ നിയമ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് മിര്‍ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീര്‍ പുനഃസംഘടനചോദ്യംചെയ്യുന്ന ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണനയിലിരിക്കെയാണ് തിരക്കിട്ട മണ്ഡലപുനനിര്‍ണയം.

2019ല്‍ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരികള്‍ക്ക് കേന്ദ്രസര്‍ക്കാരിലുണ്ടായ അവിശ്വാസം കൂടുതല്‍ രൂക്ഷമാവാന്‍ ഇത് ഇടയാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അത് താഴ്‌വരയിലെ ജനങ്ങളുടെ ഇടയിലുള്ള അതൃപ്തിക്കിടയാക്കുമെന്ന് മേഖല കൂടുതല്‍ സംഘര്‍ഷ ഭരിതമാവുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

മുന്‍ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള ഡീലിമിറ്റേഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ച് സംസ്ഥാന പദവി പുനസ്ഥാപിച്ച് കഴിഞ്ഞാല്‍ ജമ്മു കശ്മീര്‍ രാഷ്ട്രീയത്തിലും സര്‍ക്കാര്‍ രൂപീകരണത്തിലും ജമ്മുവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആധിപത്യം സ്ഥാപിക്കുമെന്ന് ജമ്മു കശ്മീരിലെയും പശ്ചിമേഷ്യയിലെയും വിദഗ്ധന്‍ ഖമര്‍ ആഘ പറഞ്ഞു.

'നേരത്തെ, ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ കശ്മീര്‍ മേഖലയിലെ ജനങ്ങളോ പ്രതിനിധികളോ ആയിരുന്നു ആധിപത്യം പുലര്‍ത്തിയിരുന്നത്, അവര്‍ സംസ്ഥാന സര്‍ക്കാരിനെ നയിക്കുകയോ ആധിപത്യം സ്ഥാപിക്കുകയോ ചെയ്തിരുന്നു, എന്നാല്‍ ജമ്മുവില്‍ ആറ് സീറ്റുകളും കശ്മീരില്‍ ഒരെണ്ണവും വര്‍ദ്ധിപ്പിക്കുന്നത് അവിടത്തെ രാഷ്ട്രീയ സാഹചര്യത്തെ അസന്തുലിതമാക്കും. ഇത് പ്രാദേശിക ജനസംഖ്യയിലും സ്വാധീനം ചെലുത്തും, 'ആഘ പറഞ്ഞു. ഈ അസംതൃപ്തി താഴ്‌വരയില്‍ സജീവമായ സായുധ ഗ്രൂപ്പുകള്‍ മുതലെടുക്കുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.

പുനപ്പരിശോധിക്കണമെന്ന് സിപിഎം

നീതീകരിക്കാനാകാത്തതും യുക്തിരഹിതവുമായ ശുപാര്‍ശയാണ് ജമ്മു കശ്മീര്‍ മണ്ഡല പുനര്‍നിര്‍ണയ കമീഷന്‍ നടത്തിയതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരിന്റെ ജനസംഖ്യാസ്വഭാവത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയനീക്കമാണ് ശുപാര്‍ശയ്ക്കു പിന്നില്‍. ജമ്മുവിന് ആറ് അധികമണ്ഡലവും കശ്മീരിന് ഒരു മണ്ഡലവും അധികമായി അനുവദിക്കാമെന്നാണ് ശുപാര്‍ശ. 2019ലെ ജമ്മു കശ്മീര്‍ പുനഃസംഘടനാനിയമം അനുസരിച്ചാണ് മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള നീക്കം നടത്തുന്നത്. പുനഃസംഘടനാ നിയമത്തിന് എതിരായ നിരവധി ഹര്‍ജി സുപ്രീംകോടതിയിലുണ്ട്. കോടതി പരിഗണനയിലുള്ള നിയമപ്രകാരമുള്ള പുനര്‍നിര്‍ണയം ചോദ്യംചെയ്യപ്പെടേണ്ടതാണ്. അതിനാല്‍ മണ്ഡല പുനര്‍നിര്‍ണയ കമീഷന്‍ ശുപാര്‍ശ പുനഃപരിശോധിക്കണം. ന്യായമായ രീതിയില്‍ പുനര്‍നിര്‍ണയപ്രക്രിയ പൂര്‍ത്തിയാക്കണമെന്നും പിബി ആവശ്യപ്പെട്ടു.

അതൃപ്തി പ്രകടിപ്പിച്ച് ഗുപ്കാര്‍ സഖ്യം

ജമ്മു കശ്മീര്‍ മണ്ഡല പുനര്‍നിര്‍ണയ കമീഷന്‍ ശുപാര്‍ശയില്‍ ഗുപ്കാര്‍ സഖ്യം കടുത്ത അതൃപ്തിയും നടുക്കവും രേഖപ്പെടുത്തി. തീര്‍ത്തും നിരാശാജനകവും ഭിന്നിപ്പുണ്ടാക്കുന്നതും ജമ്മു കശ്മീരിലെ ജനങ്ങളെ ദുര്‍ബലരാക്കുന്നതുമാണ് ശുപാര്‍ശകള്‍. സമുദായങ്ങളും മേഖലകളും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കും. ബിജെപിയുടെ ഭിന്നിപ്പിക്കല്‍ തന്ത്രത്തിന് ഇരകളാകാതെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. ശുപാര്‍ശകള്‍ക്കെതിരെ ജനുവരി ഒന്നിന് ശ്രീനഗറില്‍ സമാധാനപൂര്‍ണമായ പ്രതിഷേധം സംഘടിപ്പിക്കാനും ഫറൂഖ് അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതായി വക്താവ് മുഹമദ് യൂസഫ് തരിഗാമി അറിയിച്ചു.

Tags:    

Similar News