എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ആരാണ്
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മുവിനെ കൊണ്ടുവന്നതിന് പിന്നില്‍ ബിജെപിക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.
ഒഡിഷയില്‍ നിന്നുള്ള ആദിവാസി വനിതാ നേതാവും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യ ഗോത്ര വര്‍ഗക്കാരിയുമാണ് ദ്രൗപതി മുര്‍മു. രാഷ്ട്രീയ പ്രവര്‍ത്തനം തുടക്കം കുറിക്കുന്നത് ബിജെപിയിലൂടെയാണ്. കൗണ്‍സിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റൈരംഗ്പൂര്‍ ദേശീയ ഉപദേശക സമിതി വൈസ് ചെയര്‍പേഴ്‌സണായി. 2013ല്‍ ഒഡീഷയിലെ പാര്‍ട്ടിയുടെ പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2000ത്തിലാണ് റെയ്‌റാങ്പുര്‍ മണ്ഡലത്തില്‍ നിന്ന ദ്രൗപതി മുര്‍മു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിക്കുന്നത്. തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എയായി. 2000ത്തില്‍ ആദ്യവട്ടം എംഎല്‍എയായപ്പോള്‍ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-ഗതാഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്മൃഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു.
2007ല്‍ ഒഡിഷയിലെ ഏറ്റവും മികച്ച എംഎല്‍എയ്ക്കുള്ള നിലാകാന്ത പുരസ്‌കാരത്തിന് അര്‍ഹയായി. 2015ല്‍ ദ്രൗപതിയെ ജാര്‍ഖണ്ഡിന്റെ ഗവര്‍ണറായി നിയമിച്ചു. ജാര്‍ഖണ്ഡില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ ഗവര്‍ണറായി ദ്രൗപതി മുര്‍മു മാറി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന പ്രത്യേകതയും ദ്രൗപതി മുര്‍മുവിന് തന്നെ. 1958 ജൂണ്‍ 20നാണ് മയൂര്‍ഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തില്‍ ദ്രൗപതി മുര്‍മു ജനിച്ചത്. ബിരാഞ്ചി നാരായണ്‍ തുഡുവാണ് പിതാവ്. ആദിവാസി വിഭാഗമായ സാന്താള്‍ കുടുംബത്തിലായിരുന്നു ജനനം. രമാദേവി വിമന്‍സ് യൂണിവേഴ്‌സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. ശ്യാംചരണ്‍ മുര്‍മുവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ടാണ്‍മക്കളും ഒരു പെണ്‍കുട്ടിയുമുണ്ട്. എന്നാല്‍ ഭര്‍ത്താവും രണ്ടാണ്‍കുട്ടികളും മരിച്ചു.
അതേസമയം, എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മുവിനെ കൊണ്ടുവന്നതിന് പിന്നില്‍ ബിജെപിക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ദ്രൗപദി മുര്‍മു മികച്ച രാഷ്ട്രപതിയാവുമെന്ന് തനിക്ക് ഉറപ്പാണെന്നാണ് പ്രധാനമന്ത്രി ആദ്യമായി പ്രതികരിച്ചത്. ദരിദ്രരുടെ ഉന്നമനത്തിനായി മാറ്റിവെച്ച ജീവിതമാണ് ദ്രൗപദിയുടേതെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയാണവരെന്നും മോദി വ്യക്തമാക്കിയിരുന്നു.
ഒഡീഷ സ്വദേശിനിയായ ദ്രൗപതിയ്ക്ക് ഒഡീഷയിലെ ദലിത് രാഷ്ട്രീയത്തിലുള്ള സ്വാധീനം ചെറുതല്ല. രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപതിയെ കൊണ്ടുവരുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ കണക്കുകൂട്ടലുകളുണ്ടെന്നതില്‍ തര്‍ക്കമില്ല. ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യ വനിതാ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുക വഴി പട്ടികവര്‍ഗ വിഭാഗവുമായി കൂടുതല്‍ അടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.