ആരാണ് പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിനെ വെടിവച്ച നരെയ്ന്‍ സിങ് ചോഡ?

1984ല്‍ ഇന്ത്യന്‍ സൈന്യം ഗോള്‍ഡന്‍ ടെംപിള്‍ ആക്രമിച്ചതോടെ പാകിസ്താനിലേക്ക് പോയി

Update: 2024-12-04 17:13 GMT

അമൃത്‌സര്‍: സിഖ് മതവിശ്വാസത്തെ അവഹേളിച്ചതിന് ശിക്ഷയായി ഗോള്‍ഡന്‍ ടെംപിളിന് മുന്നില്‍ കാവല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന് നേരെ നടന്ന വെടിവയ്പ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഖലിസ്താന്‍ രാജ്യത്തിന് വേണ്ടിയുള്ള സായുധ കലാപം അവസാനിച്ച് രണ്ട് പതിറ്റാണ്ടിന് ശേഷം പഞ്ചാബ് വീണ്ടും കലാപത്തിലേക്ക് നീങ്ങുകയാണോയെന്ന ചര്‍ച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. Z പ്ലസ് കാറ്റഗറി സുരക്ഷയുള്ള ബാദലിന് നേരെ നടന്ന ആക്രമണം പഞ്ചാബ് പോലിസിനെയും ആശങ്കയിലാക്കിയിരിക്കുകയാണ്. സുഖ്ബീര്‍ സിങ് ബാദലിനെ വെടിവച്ച നരെയ്ന്‍ സിങ് ചോഡയെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആരാണ് നരെയ്ന്‍ സിങ് ചോഡ?

പഞ്ചാബിലെ ഗുരുദാസ് പൂരില്‍ 1956ല്‍ ജനിച്ച നരെയ്ന്‍ സിങ് ചോഡ, ശഹീദ് സിഖ് മിഷണറി കോളജിലെ മതപഠനത്തിന് ശേഷം മതപ്രചാരകനായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് പഞ്ചാബ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടി. ഇതിന് ശേഷം ഛണ്ഡീഗഡില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സിലും പഞ്ചാബിയിലും ബിരുദാനന്തര ബിരുദവും നേടി. രാജ്യത്തെ സിഖ് ഗുരുദ്വാരകളുടെ ഭരണം നിയന്ത്രിക്കുന്ന ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയില്‍ (എസ്ജിപിസി) കുറച്ചുകാലം പ്രവര്‍ത്തിച്ചു.

1982ല്‍ അകാല്‍ ഫെഡറേഷില്‍ ചേര്‍ന്ന ചോഡ 1984ല്‍ ഇന്ത്യന്‍ സൈന്യം ഗോള്‍ഡന്‍ ടെംപിള്‍ ആക്രമിച്ചതോടെ പാകിസ്താനിലേക്ക് പോയി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ കേന്ദ്രമായി പ്രവര്‍ത്തിച്ച ചോഡ ഖലിസ്താന്‍ നാഷണല്‍ ആര്‍മിയും രൂപീകരിച്ചു. പഞ്ചാബിലെ സായുധകലാപത്തിന്റെ കാലത്ത് പാകിസ്താനില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പഞ്ചാബില്‍ എത്തിച്ചത് ചോഡയാണെന്നാണ് പോലിസ് പറയുന്നത്. പാകിസ്താനില്‍ കഴിയുന്ന കാലത്ത് ഗറില്ലാ യുദ്ധത്തെ കുറിച്ചുള്ള പുസ്തകവും എഴുതി. 1990കളുടെ മധ്യത്തില്‍ രഹസ്യമായി ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷവും സായുധപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.


Full View

പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങ് 1995 ആഗസ്റ്റ് 31ന് സൂയിസൈഡ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന നടത്തിയ ബബ്ബര്‍ ഖല്‍സ നേതാക്കളായ ജഗ്താര്‍ സിങ് ഹവാര, പരംജിത് സിങ് ഭിയോര, ജഗ്താര്‍ സിങ് താര, ദേവി സിങ്ങ് എന്നിവരെ 2004ല്‍ ബുറൈല്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് ഇയാളാണെന്നും പോലിസ് പറയുന്നു. ജയിലിലെ വൈദ്യുതി ബന്ധം വിഛേദിച്ചത് ചോഡയാണെന്ന്് പോലിസ് കുറ്റപത്രം നല്‍കിയെങ്കിലും വിചാരണയില്‍ കോടതി വെറുതെവിട്ടു.


                                                                                                                       ജഗ്താര്‍ സിങ് ഹവാര

 2015ല്‍ മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്ന കാലത്ത് പഞ്ചാബില്‍ നടന്ന സര്‍വത്ത് ഖല്‍സ(മതസമ്മേളനം)യില്‍ ചോഡയുടെ പ്രസംഗം വായിച്ചിരുന്നു. ഇതിന് പരിപാടിയുടെ സംഘാടകനായ പാപല്‍പ്രീത് സിങ്ങിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് പോലിസ് കേസെടുത്തു. ഖലിസ്താന്‍ രൂപീകരിക്കണമെന്ന നിലപാടുള്ള വാരിസ് ഡി പഞ്ചാബ് സംഘടനയുടെ നേതാവാണ് ഇപ്പോള്‍ പാപല്‍പ്രീത് സിങ്.

ഇയാളും സംഘടനയുടെ മറ്റൊരു നേതാവുമായ അമൃത്പാല്‍ സിങ്ങും ഇപ്പോള്‍ അസമിലെ ജയിലില്‍ തടവിലാണ്. ഖലിസ്താന്‍ പ്രവര്‍ത്തനം ആരോപിച്ച് ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇവരെ ജയിലില്‍ അടച്ചിരിക്കുന്നത്. ജയിലില്‍ കഴിയവെ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഖഡൂര്‍ സാഹിബ് മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച അമൃത്പാല്‍ സിങ് വിജയിക്കുകയും ചെയ്തു.


അമൃത് പാല്‍ സിങും പാപല്‍പ്രീത് സിങും

ടാഡ, യുഎപിഎ നിയമങ്ങള്‍ പ്രകാരമുള്ള നിരവധി കേസുകളിലായി 1995 മുതല്‍ 1997 വരെയും 2004 മുതല്‍ 2005 വരെയും 2013 മുതല്‍ 2018 വരെയും ചോഡ ജയിലില്‍ കിടന്നിട്ടുണ്ട്. ഭൂരിപക്ഷം കേസുകളിലും കോടതികള്‍ ചോഡയെ വെറുതെവിട്ടു. അവസാനം രജിസ്റ്റര്‍ ചെയ്ത കേസില്‍ 2022ലാണ് ജാമ്യം ലഭിച്ചത്. ഖലിസ്താന്‍ പ്രസ്ഥാനത്തിലെ രണ്ടു തലമുറകള്‍ക്കിടയിലുള്ള പാലമായി അറിയപ്പെടുന്ന ചോഡ നിലവില്‍ പഞ്ചാബി യുവാക്കളുടെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിനിടയിലാണ് വെടിവയ്പുണ്ടായിരിക്കുന്നത്. 1983ല്‍ ഡിഐജിയായിരുന്ന എ എസ് അത്‌വാല്‍ ഐപിഎസ് വെടിയേറ്റു കൊല്ലപ്പെട്ട അതേ സ്ഥലത്താണ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ വെടിവയ്പുണ്ടായിരിക്കുന്നത്. അത്‌വാലിനെ വെടിവച്ചു കൊന്നതിന് ശേഷം പോലിസ് പ്രദേശത്തേക്ക് പോവാന്‍ പോലും ഭയന്നിരുന്നു. ജില്ലാഭരണകൂടം രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് മൃതദേഹം വിട്ടുനല്‍കിയത്.

ആരാണ് ഖലിസ്താന്‍ വാദികള്‍ ? യുദ്ധ ചരിത്രവും വര്‍ത്തമാനകാല സംഘര്‍ഷവും


Full View

Tags:    

Similar News