അഫ്ഗാനിസ്താന്‍, സിറിയ: ആര്‍ക്കാണ് കൂടുതല്‍ ആയുധം നഷ്ടപ്പെട്ടത്? യുഎസ്സിനോ റഷ്യക്കോ ?
വാഷിങ്ടണ്‍: ഒരു തടസവും നേരിടാതെ വിമതര്‍ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നു, പ്രസിഡന്റ് രാജ്യം വിടുന്നു, പ്രസിഡന്റിന് പിന്തുണ നല്‍കിയിരുന്ന വൈദേശിക ശക്തി പുറത്തുപോവാന്‍ പ്രയാസപ്പെടുന്നു... സിറിയയില്‍ ഡിസംബര്‍ എട്ടിന് നടന്ന സംഭവങ്ങള്‍ക്ക് അഫ്ഗാനിസ്താനില്‍ മൂന്നുവര്‍ഷം മുമ്പ് നടന്ന സംഭവങ്ങളുമായി സാമ്യമുണ്ട്.
രണ്ടു സംഭവങ്ങളിലും സര്‍ക്കാര്‍ സൈന്യം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞുവീഴുകയായിരുന്നു. സിറിയക്ക് സോവിയറ്റ് യൂണിയനും പിന്നീട് റഷ്യയും നല്‍കിയ ആയുധങ്ങള്‍ ഇപ്പോള്‍ ഹയാത് താഹിര്‍ അല്‍ ശാമിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ കൈവശമാണുള്ളത്. പക്ഷേ, ബോംബര്‍ വിമാനങ്ങളും യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും കപ്പലുകളും മിസൈലുകളുമെല്ലാം ഇസ്രായേല്‍ ബോംബിട്ടുതകര്‍ത്തു. അതേസമയം, ലദാക്കിയ, ടാര്‍ടസ് പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യം മിലിട്ടറി പോസ്റ്റുകളില്‍ ഉപേക്ഷിച്ച ആയുധങ്ങള്‍ ഇപ്പോള്‍ ആരുടെ കൈയ്യിലായിരിക്കും എന്നു വ്യക്തതയില്ല.
റഷ്യ-സിറിയ
ശീതയുദ്ധകാലം മുതല്‍ സിറിയയുമായി സോവിയറ്റ് യൂണിയനു ബന്ധമുണ്ടായിരുന്നു. ഇക്കാലത്ത് സോവിയറ്റ് യൂണിയന്‍ തങ്ങളുടെ സഖ്യകക്ഷികള്‍ക്ക് വന്‍തോതില്‍ യുദ്ധവിമാനങ്ങളും ടാങ്കുകളും ആര്‍ട്ടിലറിയും മിസൈലുകളുമെല്ലാം നല്‍കുമായിരുന്നു. 1950 മുതല്‍ 1991 വരെയുള്ള കാലത്ത് സിറിയയുടെ ആയുധ ഇറക്കുമതിയുടെ 94 ശതമാനവും സോവിയറ്റ് യൂണിയനില്‍ നിന്നായിരുന്നു. 1967ലും 1973ലും ഇസ്രായേലുമായി ഏറ്റുമുട്ടിയതിനാല്‍ സിറിയയുടെ ഭൂരിഭാഗം ആയുധങ്ങളും ഉപയോഗിച്ചു തീരുകയോ ഇസ്രായേല്‍ ആക്രമണത്തില്‍ നശിക്കുകയോ ചെയ്തു.
ഈ പ്രശ്‌നം പരിഹരിക്കാന്‍ 1975 മുതല്‍ 1991 വരെയുള്ള കാലത്ത് ഹാഫിസ് അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഭരണകൂടത്തിന് സോവിയറ്റ് യൂണിയന്‍ 20 ബോംബര്‍ വിമാനങ്ങളും 250 യുദ്ധവിമാനങ്ങളും 117 ഹെലികോപ്റ്ററുകളും 756 സെല്‍ഫ് പ്രൊപ്പല്‍ഡ് തോക്കുകളും 2,400 ഇന്‍ഫന്‍ഡറി ഫൈറ്റിങ് വാഹനങ്ങളും 2,550 ടാങ്കുകളും 7,500 ആന്റി ടാങ്ക് മിസൈലുകളും 1,30,000 സര്‍ഫസ് ടു സര്‍ഫസ് മിസൈലുകളും നല്‍കി. പിന്നീട് സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോഴും സിറിയക്ക് റഷ്യ പിന്തുണ തുടര്‍ന്നു.
2011ല്‍ സിറിയയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ച സമയത്ത് സിറിയന്‍ വായുസേനയുടെ കൈവശം 700 വിമാനങ്ങളുണ്ടായിരുന്നു. കരസേനയുടെ കൈവശം 5,000 ടാങ്കുകളും 40,000 കവചിത വാഹനങ്ങളും 34,000 ആര്‍ട്ടിലറികളും 2,600 ആന്റി ടാങ്ക് ആയുധങ്ങളും 600 നിരീക്ഷണ വാഹനങ്ങളുമുണ്ടായിരുന്നു.
ഇതില്‍ ഭൂരിഭാഗവും ആഭ്യന്തരയുദ്ധത്തിലെ കടുത്ത നഗരകേന്ദ്രീകൃത ഗറില്ലാ ആക്രമണത്തിലും ഐഎസുമായുള്ള പോരാട്ടത്തിലും നശിച്ചു. 2011 മുതല്‍ 2020 വരെയുള്ള കാലത്ത് സിറിയന്‍ സൈന്യത്തിന്റെ 3,380 ടാങ്കുകളും കവചിത വാഹനങ്ങളും നശിച്ചെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മിസൈലുകളുമെല്ലാം വ്യോമപ്രതിരോധ മിസൈലുകളുമെല്ലാം നല്‍കി റഷ്യ സൈന്യത്തിന്റെ ക്ഷീണം തീര്‍ത്തു. പക്ഷേ, ഭരണകൂടം നിലനില്‍ക്കാന്‍ ആയുധശക്തി മാത്രം പോരായെന്നാണ് അസദിന്റെ വീഴ്ച്ച തെളിയിച്ചത്.
ദമസ്‌കസ് പിടിച്ചെടുക്കാന്‍ ഹയാത് താഹിര്‍ അല്‍ ശാമിന്റെ നേതൃത്വത്തിലുള്ള വിമതസൈന്യം 150 ടാങ്കുകളും 75 ആര്‍ട്ടിലറികളും 69 ഇന്‍ഫന്‍ഡറി ഫൈറ്റിങ് വാഹനങ്ങളും 64 മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചറുകളും ഏതാനും ആന്റി എയര്‍ക്രാഫ്റ്റ് തോക്കുകളും മാത്രമാണ് ഉപയോഗിച്ചത്. അസദിന്റെ സിറിയന്‍ സൈന്യം ഉപേക്ഷിച്ച ആയുധങ്ങളും ഉപകരണങ്ങളും കൂടി അവര്‍ക്ക് ലഭിക്കുമായിരുന്നു. എന്നാല്‍, ഇസ്രായേല്‍ സൈന്യം 500ഓളം ബോംബിങ്ങ് ഓപ്പറേഷനുകളിലൂടെ പഴയ സൈന്യത്തിന്റെ 80 ശതമാനം ആയുധങ്ങളും സൈനികശേഷിയും ഇല്ലാതാക്കി.
സിറിയന്‍ സൈന്യത്തിന്റെ ഭൂരിഭാഗം റോക്കറ്റുകളും തന്ത്രപ്രധാന ആയുധങ്ങളും തകര്‍ത്തുവെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഇതില്‍ സ്‌കഡ് മിസൈലുകളും സര്‍ഫസ് ടു സര്‍ഫസ് മിസൈലുകളും ഡ്രോണുകളും ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ടാങ്കുകളും ഉള്‍പ്പെടുന്നു. അല്‍ ബയ്ദ്, ലദാകിയ പ്രദേശത്ത് ഇസ്രായേല്‍ സൈന്യം ബോംബിട്ട് തകര്‍ത്ത ബോട്ടുകളിലും കപ്പലുകളിലും ആന്റി ഷിപ്പ് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള നിരവധി തരം അത്യാധുനിക മിസൈലുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍, ഇത്തരത്തിലുള്ള വ്യോമാക്രമണം കൊണ്ടുമാത്രം ഒരു സൈന്യത്തേയും ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നാണ് സൈനികവിദഗ്ദര്‍ പറയുന്നത്. കൊസോവ യുദ്ധകാലത്ത് നാറ്റോ സഖ്യം നടത്തിയ ബോംബാക്രമണങ്ങളും ബോസ്‌നിയ, ഹെര്‍സെഗോവിന, സെര്‍ബിയ, മോണ്ടെനെഗ്രിന്‍ എന്നിവിടങ്ങളില്‍ സൈനികകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണങ്ങളും അവിടത്തെ സൈന്യങ്ങള്‍ക്ക് വലിയ ക്ഷീണമുണ്ടാക്കിയില്ല. ഗള്‍ഫ് യുദ്ധകാലത്ത് നടത്തിയ വ്യോമാക്രമണങ്ങളും ഉദ്ദേശിച്ച ലക്ഷ്യം നേടാന്‍ യുഎസിനെയും യൂറോപ്പിനെയും സഹായിച്ചില്ല. അല്‍പ്പകാലം മുമ്പ് ഐഎസ്സിനെതിരേ നടത്തിയ വ്യോമാക്രമണങ്ങളും യുഎസിനും മറ്റും കാര്യമായ ഗുണം ചെയ്തില്ല. കരയുദ്ധത്തിലൂടെയാണ് പലപ്പോഴും യുദ്ധങ്ങള്‍ ജയിക്കാറ് എന്നാണ് ഇത് സൂചന നല്‍കുന്നത്.
സിറിയക്ക് റഷ്യ നല്‍കിയ കോര്‍ണറ്റ് ആന്റി ടാങ്ക് മിസൈല്‍ പോലുള്ള അത്യാധുനിക ആയുധങ്ങളില്‍ വലിയൊരു ഭാഗം കരമാര്‍ഗം ലബ്‌നാനില്‍ എത്തിയതായാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ തെക്കന്‍ ലബ്‌നാനില്‍ നടത്തിയ അധിനിവേശത്തില്‍ പിടിച്ചെടുത്ത ഭൂരിഭാഗം തോക്കുകളും മിസൈലുകളും ഡ്രോണുകളും റഷ്യന്‍ നിര്‍മിതമാണെന്നാണ് ഇസ്രായേലി സൈന്യം പറയുന്നത്.
താലിബാന്റെ വിജയം
2021ല്‍ യുഎസ് സൈന്യം അഫ്ഗാനിസ്താന്‍ വിട്ടോടിയപ്പോള്‍ താലിബാന് 59,000 കോടി രൂപയുടെ ആയുധങ്ങളും സൈനിക ഉപകരണങ്ങളുമാണ് ലഭിച്ചത്. കരയില്‍ ഓടിക്കുന്ന വാഹനങ്ങളുടെ മൂല്യം മാത്രം 35,000 കോടിയില്‍ അധികം രൂപ വരുമെന്നാണ് യുഎസ് പ്രതിരോധമന്ത്രാലയത്തിന്റെ റിപോര്‍ട്ട് പറയുന്നത്. 7,900 കോടി രൂപയുടെ വിമാനങ്ങളും ബാക്കിയായി. വായുവില്‍ നിന്ന് കരയിലേക്ക് വിടാവുന്ന 9,524 തിരകളും 40,000 വാഹനങ്ങളും 3,00,000 ലൈറ്റ് തിരയും 15 ലക്ഷം വെടിയുണ്ടകളും തിരികെ കൊണ്ടുപോവാന്‍ യുഎസ് സൈന്യത്തിന് സമയം ലഭിച്ചതുമില്ല.
വായുസേനയില്ലാതെ കാബുള്‍ പിടിച്ച താലിബാന് ഇപ്പോള്‍ സ്വന്തമായി വായുസേനയുണ്ട്. 2022 നവംബറിലെ റിപോര്‍ട്ട് പ്രകാരം താലിബാന്‍ അധികാരം പിടിക്കുന്നതിന് രണ്ടാഴ്ച മുമ്പ് 162 യുഎസ് നിര്‍മിത യുദ്ധവിമാനങ്ങളാണ് അഫ്ഗാനിലുണ്ടായിരുന്നത്. ഇതില്‍ 131 എണ്ണം യുദ്ധത്തിന് ഉപയോഗിക്കാന്‍ കഴിയുന്നതായിരുന്നു. പക്ഷേ, അഫ്ഗാനിലെ യുഎസിന്റെ അവസാന ദിവസം പൈലറ്റുമാര്‍ മൂന്നിലൊന്നു വിമാനങ്ങളെ താജിക്കിസ്താനിലേക്കും ഖസാക്കിസ്താനിലേക്കും കൊണ്ടുപോയി. 80 എണ്ണം കാബൂളില്‍ വച്ച് യുഎസ് സൈനികര്‍ ഉപയോഗശൂന്യമാക്കി. ഇതില്‍ പലതും പിന്നീട് താലിബാന്‍ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ റിപ്പെയര്‍ ചെയ്തു. എന്നാലും, സോവിയറ്റ് അധിനിവേശ കാലത്ത് അവരില്‍ നിന്നു പിടിച്ചെടുത്ത വിമാനങ്ങളാണ് അഫ്ഗാന്‍ സര്‍ക്കാര്‍ സിവില്‍-മിലിട്ടറി കാര്യങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്.
യുഎസ് അഫ്ഗാനിസ്താന്‍ വിട്ടതോടെ കാബൂളിലും മറ്റും ആയുധക്കച്ചവടവും വ്യാപകമായി. അഫ്ഗാനി പോലിസുകാര്‍ക്കും സൈനികര്‍ക്കും നല്‍കി തോക്കുകള്‍ വ്യാപകമായി മാര്‍ക്കറ്റില്‍ എത്തി. ഇവിടെ നിന്ന് ഈ ആയുധങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എം4 പോലുള്ള അമേരിക്കന്‍ നിര്‍മിത തോക്കുകള്‍ ആഗസ്റ്റില്‍ കശ്മീരിലെ സായുധരുടെ കൈയ്യില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. മറ്റു ചില പ്രദേശങ്ങളില്‍ നിന്ന് എം16 റൈഫിളുകളും കണ്ടെത്തി. അഫ്ഗാന് യുഎസ് നല്‍കിയ തോക്കുകളും മറ്റും പാക്കിസ്താനിലും വളരെ ദൂരത്തുള്ള ഗസയിലും വരെ എത്തിയതായി റിപോര്‍ട്ടുകളുണ്ട്.
M4 RIFLE
അഫ്ഗാനിസ്താനില്‍ പോലിസിനും സൈന്യത്തിനും പരിശീലനം നല്‍കലുമാണ് യുഎസ് പ്രധാനമായും ചെയ്തിരുന്നത്. അത്യാധുനിക ആയുധങ്ങള്‍ യുഎസ് സൈന്യം നേരിട്ടാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍, അവര്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ അധികം നഷ്ടപ്പെട്ടില്ല. കാര്‍ഗോ വിമാനങ്ങളില്‍ കയറ്റി കൊണ്ടുപോവാന്‍ സാധ്യമല്ലാത്ത വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപകരണങ്ങളും വാഹനങ്ങളും കാബൂളിലും കാന്തഹാറിലും ഉപേക്ഷിച്ചു. ഇവയെല്ലാം താലിബാന്റെ വിജയപ്രകടനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. എന്നാല്‍, അമേരിക്ക ഉപേക്ഷിച്ച ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍ പുതിയ സര്‍ക്കാര്‍ റിപ്പെയര്‍ ചെയ്യുന്നുണ്ട്. ഉപയോഗിക്കാന്‍ പറ്റാത്ത സൈനിക ഉപകരണങ്ങളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും ഊരിയെടുക്കുന്ന ഭാഗങ്ങള്‍ വേണ്ടവര്‍ക്ക് വില്‍ക്കുന്നുമുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
യുഎസ് ഉപേക്ഷിച്ചു പോയ ഹംവികള്‍ സ്‌പെയര്‍പാര്‍ട്ട്‌സ് കിട്ടാത്തതിനാല്‍ ഉപയോഗിക്കാന്‍ പ്രയാസമായി മാറിയിരിക്കുകയാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. യുഎസ്-യൂറോപ് മാര്‍ക്കറ്റില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങാന്‍ കഴിയാത്തതിനാല്‍ യുഎഇ വിപണിയേയാണ് അഫ്ഗാന്‍ സര്‍ക്കാര്‍ ആശ്രയിക്കുന്നത്. ഹംവികളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് വലിയ വിലയാണെന്നതും പ്രതിസന്ധിയാണ്. അഭയാര്‍ത്ഥി കാര്യമന്ത്രി ഖലീല്‍ ഹഖാനി കൊല്ലപ്പെട്ടതിന് പിന്നാലെ നടത്തിയ പ്രകടനത്തില്‍ 40ഓളം ഹംവികള്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
Full View