കൊവിഡ് ചികില്‍സയ്ക്ക് ഐവര്‍മെക്ടിന്‍ ഉപയോഗിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കൊവിഡ് രോഗികളെ ചികില്‍സിക്കുന്നതിന് ഐവര്‍മെക്ടിന്‍ ഉപയോഗിക്കുന്നതിനെതിരേ വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തി. കൊവിഡ് ഭേദമാവുന്നതിന് ഐവര്‍മെക്ടിന്‍ ഫലപ്രദമാണെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയുടെ ആഗോളതലത്തിലെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു. കൊവിഡ് ചികില്‍സയ്ക്ക് പുതിയൊരു മരുന്ന് ഉപയോഗിക്കുമ്പോള്‍ അതിന്റെ സുരക്ഷയും ഫലപ്രാപ്തിയും പ്രധാനമാണ്.
Safety and efficacy are important when using any drug for a new indication. @WHO recommends against the use of ivermectin for #COVID19 except within clinical trials https://t.co/dSbDiW5tCW
— Soumya Swaminathan (@doctorsoumya) May 10, 2021
ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കല്ലാതെ കൊവിഡിനായി 'ഐവര്‍മെക്ടിന്‍' ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തു. സമാനമായ മുന്നറിയിപ്പ് 'ഐവര്‍മെക്ടിന്‍' നിര്‍മാതാക്കളായ എംഎസ്ഡി, മെര്‍ക്ക് ആന്റ് കമ്പനിക്ക് നല്‍കിയിട്ടുണ്ട്. കൊവിഡ് ചികില്‍സയ്ക്കായി ഐവര്‍മെക്ടിന്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ലഭ്യമായതും ഉയര്‍ന്നുവരുന്നതുമായ എല്ലാ പഠനങ്ങളും കണ്ടെത്തലുകളും അതിന്റെ ശാസ്ത്രജ്ഞര്‍ ശ്രദ്ധാപൂര്‍വം പരിശോധിക്കുന്നത് തുടരുകയാണെന്ന് ട്വീറ്റില്‍ പറഞ്ഞു. കൊവിഡിനെതിരായ ചികില്‍സാ ഫലത്തിന് ഐവര്‍മെക്ടിന്‍ ഉപയോഗിക്കാമെന്നതിന് ശാസ്ത്രീയ അടിത്തറയില്ല.
Patients will be treated with Ivermectin 12mg for a period of 5 days. Expert panels from the UK, Italy, Spain and Japan, found a large, statistically significant reduction in mortality, time to recovery and viral clearance in Covid-19 patients treated with Ivermectin. (2/4)
— VishwajitRane (@visrane) May 10, 2021
ഭൂരിഭാഗം പഠനങ്ങളിലും സുരക്ഷാ ഡാറ്റയുടെ അഭാവമുണ്ടാവുന്നുവെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടുമാസത്തിനിടെ 'ഐവര്‍മെക്ടിന്‍' ഉപയോഗത്തിനെതിരായ ലോകാരോഗ്യസംഘടനയുടെ രണ്ടാമത്തെ മുന്നറിയിപ്പാണിത്. കൊവിഡ് രോഗിയുടെ മരണനിരക്കോ അല്ലെങ്കില്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ചോ മരുന്നിന്റെ സ്വാധീനം വളരെ കുറവാണെന്ന് മാര്‍ച്ചില്‍ ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
കൊവിഡിന് ഐവര്‍മെക്ടിന്‍ ഫലപ്രദമാണെന്നതിന് ഞങ്ങളുടെ പക്കല്‍ തെളിവില്ല. ക്ലിനിക്കല്‍ പരീക്ഷണത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാനാവില്ലെന്നും ലോകാരോഗ്യസംഘടന പറയുന്നു. കൊവിഡ് വൈറസിനെതിരേ എല്ലാ മുതിര്‍ന്നവര്‍ക്കും പ്രതിരോധ ചികില്‍സയായി 'ഐവര്‍മെക്ടിന്‍' ഉപയോഗിക്കാന്‍ ഗോവ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഡോ.സ്വാമിനാഥന്റെ ട്വീറ്റ്.