എന്തിനീ നാടകം; അനുനയിപ്പിക്കാനെത്തിയ ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് കെ വി തോമസ്
അനുനയനീക്കത്തിന് എത്തിയ രമേശ് ചെന്നിത്തലയോട് കെ വി തോമസ് പൊട്ടിത്തെറിച്ചതായാണ് വിവരം. 'എന്തിനാണീ നാടകം?', എന്നാണ് കെ വി തോമസ് ചെന്നിത്തലയോട് ചോദിച്ചത്. ഒരു ഓഫറും ഇങ്ങോട്ട് വയ്ക്കണ്ട എന്നും കെ വി തോമസ് പറഞ്ഞതായാണ് റിപോര്‍ട്ട്.
ന്യൂഡല്‍ഹി: ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ ഇടഞ്ഞ് നില്‍ക്കുന്ന കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീവ്ര പരിശ്രമം. എന്നാല്‍, ഇതിനോട് വഴങ്ങാതെ കെ വി തോമസ്. അനുനയനീക്കത്തിന് എത്തിയ രമേശ് ചെന്നിത്തലയോട് കെ വി തോമസ് പൊട്ടിത്തെറിച്ചതായാണ് വിവരം. 'എന്തിനാണീ നാടകം?', എന്നാണ് കെ വി തോമസ് ചെന്നിത്തലയോട് ചോദിച്ചത്. ഒരു ഓഫറും ഇങ്ങോട്ട് വയ്ക്കണ്ട എന്നും കെ വി തോമസ് പറഞ്ഞതായാണ് റിപോര്‍ട്ട്.
എറണാകുളത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഹൈബി ഈഡന്‍ പാര്‍ലമെന്റിലേക്ക് എത്തുന്ന മുറയ്ക്ക് എറണാകുളത്തെ എംഎല്‍എ സ്ഥാനമാണ് കെ വി തോമസിന് മുന്നിലെ ഒരു വാഗ്ദാനം. എഐസിസി ഭാരവാഹിത്വമാണ് മറ്റൊരു വാഗ്ദാനം. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് അടക്കം പദവികളും മുന്നോട്ടുവച്ചിട്ടുണ്ട്. കെ വി തോമസിന് കൂടി സ്വീകാര്യമായ ഒരു പദവി നല്‍കി സംഘടനാ സംവിധാനത്തില്‍ നിലനിര്‍ത്താനാണ് ഹൈക്കമാന്റ് ശ്രമം.
ഓഫറുകള്‍ മുന്നോട്ടുവച്ച്, അനുനയിപ്പിച്ച് കെ വി തോമസിനെ നാളെത്തന്നെ എറണാകുളത്ത് എത്തിക്കാനായിരുന്നു ചെന്നിത്തലയുടെ നീക്കം. അത്തരത്തിലൊരു നിര്‍ദേശമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ട് വച്ചതും. കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് ചാടിയ ടോം വടക്കന്റെ നേതൃത്വത്തില്‍ ചരടുവലി തുടങ്ങിയ സാഹചര്യത്തിലാണ് സോണിയാ ഗാന്ധി തന്നെ വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍, ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള അനുനയനീക്കങ്ങളെല്ലാം പാളിയതായാണ് സൂചന. താന്‍ എറണാകുളത്തേക്ക് വരില്ലെന്ന് ചെന്നിത്തലയോട് കെ വി തോമസ് തീര്‍ത്തു പറഞ്ഞു. തല്‍ക്കാലം ന്യൂഡല്‍ഹിയില്‍ തുടരാനാണ് തീരുമാനം. എറണാകുളത്ത് വന്ന് ഹൈബി ഈഡന് വേണ്ടി പ്രചാരണം നടത്തില്ലെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹമെന്നറിയുന്നു.
അവസാനനിമിഷം വരെ താനായിരിക്കും സ്ഥാനാര്‍ഥി എന്ന പ്രതീക്ഷയിലായിരുന്നു കെ വി തോമസ്. എന്നാല്‍, സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് നേരത്തേ അറിയിച്ചത് പോലുമില്ല എന്ന നിരാശയിലും അമര്‍ഷത്തിലുമാണ് അദ്ദേഹം.