ജൂലിയന്‍ അസാന്‍ജിന് 50 ആഴ്ചത്തെ തടവ്

Update: 2019-05-01 14:29 GMT

ലണ്ടന്‍: ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ജൂലിയന്‍ അസാന്‍ജിന് 50 ആഴ്ചത്തെ തടവ് വിധിച്ച് ലണ്ടന്‍ കോടതി. ജാമ്യത്തില്‍ പുറത്തിറങ്ങിയ വിക്കിലീക്ക്‌സ് സ്ഥാപകന്‍ കഴിഞ്ഞ ഏഴുവര്‍ഷമായി ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചിരുന്നു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമെന്ന് കണ്ടെത്തിയാണ് കോടതി വിധി. കഴിഞ്ഞമാസമാണ് ലണ്ടന്‍ പോലിസ് അസാന്‍ജിനെ എംബസിക്കുള്ളില്‍ നിന്നും അറസ്റ്റ് ചെയ്തത്.

കോടതിക്ക് മുമ്പാകെ അസാന്‍ജിന്റെ അഭിഭാഷകന്‍ വച്ച വാദങ്ങളും അദ്ദേഹത്തിന്റെ കത്തും കോടതി തള്ളിക്കളഞ്ഞു. തനിക്ക് ഖേദമുണ്ടെന്നും എന്നാല്‍ അതല്ലാതെ മറ്റൊരു വഴി തനിക്കില്ലായിരുന്നുവെന്നുമായിരുന്നു ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞുകൂട്ടിയതിനെ അസാന്‍ജ് കത്തില്‍ വിവരിച്ചത്. ലൈംഗിക പീഡനക്കേസില്‍ സ്വീഡനിലേക്ക് നാടുകടത്തുന്നതില്‍ നിന്നും രക്ഷപ്പെടാനാണ് അസാന്‍ജെ 2012ല്‍ ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചത്. അസാന്‍ജ് മനപ്പൂര്‍വ്വം നിയമം ലംഘിച്ചെന്നായിരുന്നു വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഡെബോറ ടെയ്‌ലര്‍ പറഞ്ഞത്. തന്റെ പ്രിവിലേജിന്റെ സ്വാധീനം ഉപയോഗിച്ച് അസാന്‍ജ് നിയമത്തേയും നീതിയേയും കളങ്കപ്പെടുത്താന്‍ ശ്രമിച്ചെന്നും വിധി പ്രഖ്യാപിക്കവെ ജസ്റ്റിസ് പറഞ്ഞു.

ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടിയിരുന്ന അസാന്‍ജിനെ ഏപ്രില്‍ 11നാണ് ബ്രിട്ടന്‍ പോലിസ് അറസ്റ്റ് ചെയ്തത്. അസാന്‍ജിന് നല്‍കിയിരുന്ന രാഷ്ട്രീയ അഭയം ഇക്വഡോര്‍ എംബസി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. അമേരിക്കന്‍ രഹസ്യ രേഖകള്‍ പുറത്തുവിട്ടതിന് പത്ത് വര്‍ഷമായി അറസ്റ്റ് ഭീഷണി നേരിടുകയായിരുന്നു അസാന്‍ജ്. സ്വീഡനില്‍ ഉയര്‍ന്ന ലൈംഗികാരോപണത്തെ തുടര്‍ന്നാണ് അസാന്‍ജിന് ഇക്വഡോര്‍ അഭയം നല്‍കുന്നത്. സ്വീഡനിലേക്ക് നാടുകടത്തിയാല്‍ അമേരിക്ക തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അസാന്‍ജ് നേരത്തെ പറഞ്ഞിരുന്നു. അസാന്‍ജിനെതിരെ സ്വീഡനിലുള്ള പീഡനക്കേസ് പിന്നീട് റദ്ദാക്കിയിരുന്നു.

Similar News