'ഞങ്ങള്‍ എല്ലാവരെയും കൊല്ലും'; അതിര്‍ത്തി തര്‍ക്കത്തില്‍ മിസോറം എംപിക്കെതിരേ അസം പോലിസിന്റെ അന്വേഷണം
അതിര്‍ത്തിയില്‍ പോലിസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം നേരിടുന്ന മിസോറം എംപി കെ വാന്‍ലാല്‍വേനയുടെ പങ്ക് അസം പോലിസ് അന്വേഷിക്കും.
ഐസ്വാള്‍ /സില്‍ചാര്‍/ ന്യൂഡല്‍ഹി: അസം-മിസോറാം അതിര്‍ത്തിയില്‍ ഉണ്ടായ അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ അസം പോലിസിലെ ആറു പേര്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെടുകയും നൂറോളം സിവിലിയന്മാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ രാജ്യസഭാ പാര്‍ലമെന്റ് അംഗത്തിന്റെ പങ്കും അന്വേഷിക്കുന്നു.
അതിര്‍ത്തിയില്‍ പോലിസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം നേരിടുന്ന മിസോറം എംപി കെ വാന്‍ലാല്‍വേനയുടെ പങ്ക് അസം പോലിസ് അന്വേഷിക്കും.
'അവര്‍ ആദ്യം വെടിവെച്ചതുകൊണ്ടാണ് തങ്ങള്‍ അവരെ വെടിവെച്ച് കൊന്നത്, തങ്ങള്‍ എല്ലാവരേയും കൊന്നില്ല എന്നതില്‍ അവര്‍ ഭാഗ്യവാന്‍മാരാണ്.അവര്‍ വീണ്ടും വന്നാല്‍ തങ്ങള്‍ എല്ലാവരെയും കൊല്ലും'-ന്യൂഡല്‍ഹിയിലുള്ള മിസോ നാഷണല്‍ ഫ്രണ്ടിന്റെ രാജ്യസഭ എംപി കെ വാന്‍ലല്‍വേന ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഭീഷണി മുഴക്കിയിരുന്നു. അദ്ദേഹത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും മിസോറാം എംപിക്ക് ഇതില്‍ പങ്കുണ്ടെന്നുമാണ് അസം പോലിസ് ആരോപിക്കുന്നത്.
ജൂലൈ 26ന് അതിര്‍ത്തിക്കടുത്ത് മിസോറാം പോലിസ് നടത്തിയ ബോധപൂര്‍വവും പ്രകോപനപരവുമായ ആക്രമണമെന്ന് ആരോപണം ഉയരുന്ന സംഭവത്തില്‍ വാന്‍ലാല്‍വേനയെ ചോദ്യം ചെയ്യാന്‍ അസം പോലിസ് സംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഗൂഢാലോചനയില്‍ സജീവ പങ്കാളിത്തം സൂചിപ്പിക്കുന്ന വാന്‍ലാല്‍വേനയുടെ അഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിയെടുക്കാന്‍ സിഐഡി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പോലിസ് സംഘം ഡെല്‍ഹിയിലേക്ക് പോവുകയാണെന്ന് അസം സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ജ്ഞാനേന്ദ്ര പ്രതാപ് സിംഗ് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.