പശ്ചിമ ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമത ബാനര്‍ജി

Update: 2020-12-10 01:59 GMT

കൊല്‍ക്കത്ത: സംസ്ഥാനത്ത് എന്‍ആര്‍സിയും എന്‍പിആറും നടപ്പാക്കാന്‍ തങ്ങളുടെ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തെ എല്ലാ നിവാസികളും രാജ്യത്തെ പൗരന്മാരാണെന്നും ആര്‍ക്കും അത് മാറ്റാന്‍ കഴിയില്ല. പൗരത്വ ഭേദഗതി നിയമം (സിഎഎ) ഉപയോഗിച്ച് ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം കളിക്കാന്‍ ബിജെപി ശ്രമിക്കുന്നതായും മമതാ ബാനര്‍ജി പറഞ്ഞു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

    നിങ്ങള്‍ പൗരന്മാരാണെന്നും അത് മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ പറയുന്നു. ഞങ്ങള്‍ എന്‍ആര്‍സിയോ എന്‍പിആറോ അനുവദിക്കില്ല. ജനങ്ങളെ സംസ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളിലെ വലിയ അഭയാര്‍ഥി ജനതയ്ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്രം താല്‍പ്പര്യപ്പെടുന്നതിനാല്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ സിഎഎ നടപ്പാക്കുമെന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാളിന്റെ ചുമതലയുമായ കൈലാഷ് വിജയവര്‍ഗിയ പറയുന്നത്.

    നോര്‍ത്ത് 24 പര്‍ഗാനകളിലെയും അയല്‍പ്രദേശമായ നാദിയ ജില്ലയിലെയും നിരവധി നിയമസഭാ മണ്ഡലങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന മാതുവ സമുദായത്തെ ചൂഷണം ചെയ്യുകയാണ് ഇതുവഴിയെന്നും മമതാ ബാനര്‍ജി പറഞ്ഞു. 'ബംഗാളിനെ ഗുജറാത്താക്കി മാറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിലൂടെ ബിജെപി രാജ്യത്തെ നശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്കെതിരേ മൂന്ന് നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അംപന്‍ ചുഴലിക്കാറ്റിന് ഇരയായവര്‍ക്ക് ധനസഹായം നല്‍കുന്നതില്‍ ബിജെപി തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും മമത പറഞ്ഞു.

Will Not Allow Citizens' List NRC In West Bengal: Mamata Banerjee

Tags:    

Similar News