ആവശ്യമായ സഹായങ്ങള്‍ നല്‍കും; റൈഹാന സിദ്ദീഖിന് കാന്തപുരത്തിന്റെ സന്ദേശം

Update: 2021-04-25 13:48 GMT

കോഴിക്കോട്: സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിനു പിന്നാലെ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനയുമായി കാന്തപുരം എപി അബൂബക്കര്‍ മുസ് ല്യാര്‍ നേരിട്ട് ബന്ധപ്പെട്ടു. ദുബയില്‍ നിന്നാണ് കാന്തപുരം റൈഹാനത്തിന് സന്ദേശമയച്ചത്. സിദ്ദീഖിന് നീതി പുലരാന്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ കാന്തപുരം വാഗ്ദാനം ചെയ്തു.

    പോലിസ് കസ്റ്റഡിയില്‍ സിദ്ദീഖ് നേരിടുന്ന കൊടിയ പീഡനങ്ങള്‍ റൈഹാന കാന്തപുരത്തോട് വിവരിച്ചു. വിവരങ്ങള്‍ അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. മനുഷ്യത്വപരമായ ഇടപെടലുകളും പിന്തുണയും കാന്തപുരം ഉറപ്പുനല്‍കി.

    സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. മഥുര മെഡിക്കല്‍ കോളജില്‍ ദയനീയമായ അവസ്ഥയിലാണ് നിലവില്‍ സിദ്ദീഖ് കപ്പാനുള്ളതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. കൊവിഡും മറ്റു രോഗങ്ങളും മൂലം ആരോഗ്യയാവസ്ഥ ദയനീയമാണ്. പ്രാഥമിക മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട്, കൈ ബന്ധിക്കപ്പെട്ട അവസ്ഥയില്‍, ബാത്തറൂമിലേക്ക് പോലും പോവാന്‍ അനുവദിക്കപ്പെടാത്ത വിധത്തില്‍ ദിവസങ്ങളായി അദ്ദേഹത്തെ അവശമായ അവസ്ഥയില്‍ വച്ചിരിക്കുകയാണ് എന്നാണ് ലഭിച്ച വിവരം. അതിനാല്‍ ന്യൂ ഡല്‍ഹിയിലെ എയിംസിലേക്കോ കേരളത്തിലേക്കോ മാറ്റി, അദ്ദേഹത്തിന് മെച്ചപ്പെട്ട ചികില്‍സ ഉറപ്പുവരുത്താന്‍ ഇടണമെന്നും കത്തില്‍ ആവശ്യത്തെപ്പെട്ടു.

    സിദ്ദിഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെടുന്ന പ്രമുഖരുടെ സംയുക്ത പ്രസ്താവനയിലും ഇന്ന് കാന്തപുരം ഒപ്പു വച്ചിരുന്നു.

Tags:    

Similar News