ലഖിംപൂര്‍ കൂട്ടക്കൊല; മകനെതിരേ തെളിവുണ്ടെങ്കില്‍ രാജിവെക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സ്ഥലത്ത് തന്റെ മകന്റെ സാന്നിധ്യമുണ്ടായിരുന്നതായി തെളിഞ്ഞാല്‍ മന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ചിരുന്ന കാറാണ് കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. തുടര്‍ന്ന് യുപി പോലിസ് അജയ് മിശ്ര ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
'ലഖിംപൂര്‍ ഖേരിയിലെ പ്രക്ഷോഭസ്ഥലത്ത് എന്റെ മകന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന ഒരു തെളിവ് ലഭിച്ചാല്‍ ഞാന്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കും'അജയ് മിശ്ര പറഞ്ഞു. മകനെതിരായ ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു.
ഞായറാഴ്ച കര്‍ഷകരുടെ പ്രതിഷേധത്തിന് ഇടയിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലുകര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടിരുന്നു.
തിക്കുനിയയില്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പങ്കെടുക്കുന്ന പരിപാടിയിലേക്ക് പ്രക്ഷോഭവുമായി പോയതായിരുന്നു കര്‍ഷകര്‍. ഇതിനിടെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്. അക്രമസംഭവങ്ങളില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.