നീതിക്കുവേണ്ടി മഅ്ദനിയോടൊപ്പം നിലകൊള്ളും: പി അബ്ദുല്‍ മജീദ് ഫൈസി
മഅ്ദനിയുടെ കേസ് അനന്തമായി നീട്ടികൊണ്ടുപോവാന്‍ എസ്ഡിപിഐ മനപ്പൂര്‍വം ശ്രമിക്കുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഖേദകരമാണ്. എന്നാല്‍, ഒരു പത്രവാര്‍ത്ത വന്നയുടന്‍ പിഡിപി എസ്ഡിപിഐ പ്രവര്‍ത്തകരെ തമ്മിലടിപ്പിക്കാനുള്ള ദുരുദ്ദേശത്തോടെ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു.
കോഴിക്കോട്: മഅ്ദനിയുടെ കേസ് അനന്തമായി നീട്ടികൊണ്ടുപോവാന്‍ എസ്ഡിപിഐ മനപ്പൂര്‍വം ശ്രമിക്കുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഖേദകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. കര്‍ണാടക സംസ്ഥാനത്ത് അഡ്വ. താഹിര്‍ നടത്തുന്ന യുഎപിഎ കേസുകള്‍ എല്ലാം ഒരു കോടതിയിലേക്ക് മാറ്റാന്‍ അദ്ദേഹം നല്‍കിയ ഹരജിയിലുണ്ടായ വിധി മഅ്ദനിയുടെ കേസിനെ ഏത് വിധമാണ് ബാധിക്കുന്നതെന്ന കാര്യത്തില്‍ നിയമവിദഗ്ധരുടെ അഭിപ്രായമറിയേണ്ടതുണ്ട്.
എന്നാല്‍, ഒരു പത്രവാര്‍ത്ത വന്നയുടന്‍ പിഡിപി- എസ്ഡിപിഐ പ്രവര്‍ത്തകരെ തമ്മിലടിപ്പിക്കാനുള്ള ദുരുദ്ദേശത്തോടെ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു. ഇത്തരക്കാരുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാതിരിക്കുകയും പരസ്പരം പ്രകോപനപരമായ കമന്റുകള്‍ ഇടാതിരിക്കാനും എല്ലാവരും സന്‍മനസ് കാണിക്കണമെന്ന് അപേക്ഷിക്കുന്നതായി അബ്ദുല്‍ മജീദ് ഫൈസി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 20 വര്‍ഷത്തിലധികമായി ഭരണകൂട ഭീകരതയ്ക്ക് ഇരയായി ജീവിക്കുന്ന അബ്ദുന്നാസിര്‍ മഅ്ദനിയോട് പരിപൂര്‍ണമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ള പാര്‍ട്ടിയാണ് എസ്ഡിപിഐ.
രണ്ട് പാര്‍ട്ടിയുടെയും നേതാക്കള്‍ നല്ല സഹകരണത്തോടെ വര്‍ത്തിക്കുന്നവരുമാണ്. പുതിയ വാര്‍ത്ത വന്നയുടന്‍ പിഡിപിയുടെ ഉന്നതനായ ഒരു നേതാവ് അതില്‍ പ്രതികരിക്കുന്നതിന് മുമ്പേ നിജസ്ഥിതി അന്വേഷിച്ച് എന്നെ വിളിച്ചതുതന്നെ പരസ്പരമുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഉദാഹരണമാണ്. നീതിക്ക് വേണ്ടി മഅ്ദനിയോടൊപ്പം നിലകൊള്ളുകയെന്ന പാര്‍ട്ടി നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് മജീദ് ഫൈസി വ്യക്തമാക്കി.