സിഎഎയും എന്‍ആര്‍സിയും റദ്ദാക്കിയില്ലെങ്കില്‍ യുപിയിലെ തെരുവുകള്‍ ഷഹീന്‍ബാഗാക്കി മാറ്റും: കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി ഉവൈസി

'സിഎഎ ഭരണഘടനാ വിരുദ്ധമാണ്, ഈ നിയമം ബിജെപി സര്‍ക്കാര്‍ തിരിച്ചെടുത്തില്ലെങ്കില്‍ തങ്ങള്‍ തെരുവിലിറങ്ങും, ഇവിടെ മറ്റൊരു ഷഹീന്‍ ബാഗ് വരും'- യുപിയിലെ ബാരാബങ്കിയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ഉവൈസി പറഞ്ഞു.

Update: 2021-11-22 13:24 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെതുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിനു തൊട്ടുപിന്നാലെ പൗരത്വ ഭേദഗതി നിയമവും (സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററും (എന്‍ആര്‍സി) പിന്‍വലിക്കണമെന്ന് ഓള്‍ ഇന്ത്യാ മസ്ജിലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടു. സിഎഎയും എന്‍ആര്‍സിയും ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഉത്തര്‍ പ്രദേശിലെ തെരുവുകള്‍ ഷഹീന്‍ബാഗായി മാറ്റുമെന്നും ഉവൈസി മുന്നറിയിപ്പ് നല്‍കി.

'സിഎഎ ഭരണഘടനാ വിരുദ്ധമാണ്, ഈ നിയമം ബിജെപി സര്‍ക്കാര്‍ തിരിച്ചെടുത്തില്ലെങ്കില്‍ തങ്ങള്‍ തെരുവിലിറങ്ങും, ഇവിടെ മറ്റൊരു ഷഹീന്‍ ബാഗ് വരും'- ഞായറാഴ്ച യുപിയിലെ ബാരാബങ്കിയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ഉവൈസി പറഞ്ഞു.

സിഎഎയ്ക്കും എന്‍ആര്‍സിക്കും എതിരായ പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു ഡല്‍ഹിയിലെ ഷഹീന്‍ ബാഗ്. സിഎഎയ്‌ക്കെതിരായ പ്രക്ഷോഭത്തിനായി നൂറുകണക്കിന് സ്ത്രീകള്‍ മാസങ്ങളോളം ക്യാംപ് ചെയ്ത പ്രതിഷേധ സ്ഥലം 2020 ന്റെ തുടക്കത്തില്‍ കൊവിഡ് 19 പാന്‍ഡെമിക് കാരണം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഡല്‍ഹി പോലിസ് ഒഴിപ്പിച്ചിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ 'തട്ടിപ്പുകാരന്‍' ആണ് പ്രധാനമന്ത്രി മോദി, അബദ്ധത്തില്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചു, അല്ലെങ്കില്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് എന്ത് സംഭവിക്കുമായിരുന്നു, എല്ലാ അവാര്‍ഡുകളും മോദി നേടിയേനെ-ഉവൈസി പരിഹസിച്ചു.

Tags:    

Similar News