ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ് ലിംകളില്‍ ശാഹീന്‍ ബാഗിലെ 'ദാദി'യും
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ഈ വര്‍ഷത്തെ 500 മുസ് ലിംകളില്‍ ശാഹീന്‍ ബാഗിലെ 'ദാദി' എന്നറിയപ്പെടുന്ന ബില്‍കിസ് ഭാനുവും. പ്രശസ്ത വൈഗൂര്‍ സാമ്പത്തിക വിദഗ്ധനും ചൈനീസ് ഭരണകൂടം തടങ്കലിലിടുകയും ചെയ്തിട്ടുള്ള പ്രഫ. ഇല്‍ഹാന്‍ ടോടിയോടൊപ്പമാണ് 'ദി മുസ്ലിം 500: ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 500 മുസ്ലിംകള്‍' പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി പൗരത്വ പ്രക്ഷോഭങ്ങളിലൂടെ രാജ്യത്ത് ഉയര്‍ന്നുവന്ന തുടര്‍സമരങ്ങളുടെ തലപ്പത്തുണ്ടായിരുന്ന 82കാരിയായ ബില്‍കിസ് ഭാനുവിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു പ്രത്യയശാസ്ത്രത്തിനെതിരേ നിലകൊള്ളാനും നിരവധി പേരെ അണിനിരത്താനും ബില്‍കിസ് ഭാനു പ്രചോദിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ ശാഹീന്‍ ബാഗിലെ ഒരു തെരുവില്‍ ലളിതമായ ഗാന്ധിയന്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചതിനെ അഭിനന്ദിക്കുന്നതിനോടൊപ്പം ഹിന്ദുത്വത്തിലേക്കുള്ള ഇന്ത്യയുടെ നീക്കത്തെ ലോകശ്രദ്ധ ആകര്‍ഷിപ്പിക്കാന്‍ സഹായിച്ചെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങള്‍ നേരത്തെയും ബില്‍കിസ് ഭാനുവിനെ പുകഴ്ത്തിയിരുന്നു. ടൈം മാഗസിന്‍ ആഗോള ഐക്കണ്‍ എന്ന് വിളിക്കുകയും ഏറ്റവും സ്വാധീനമുള്ള 100 പേരില്‍ ഒരാളായി തിരഞ്ഞെടുക്കുകയും ചെയ്തു. ബിബിസിയുടെ ഈ വര്‍ഷത്തെ ഏറ്റവും പ്രചോദനാത്മകമായ 100 വനിതകളുടെ പട്ടികയില്‍ ഇടംനേടിയ ബില്‍കിസ് ഭാനുവിനെ തേടി ഖാഇദെ മില്ലത്ത് അവാര്‍ഡുമെത്തിയിരുന്നു.
സാമ്പത്തിക വിദ്ഗധനായ ഇല്‍ഹാന്‍ ടോടി വൈഗൂര്‍ ഓണ്‍ലൈന്‍ വെബ്സൈറ്റ് തുടങ്ങുകയും വൈഗൂര്‍ മുസ് ലിംകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുകയും ചെയ്തതിനാലാണ് 2014 മുതല്‍ ചൈനീസ് ഭരണകൂടം തടങ്കലിലിട്ടത്. ഇസ്ലാമിനെയും സംസ്‌കാരത്തെയും തള്ളിപ്പറയാന്‍ നിര്‍ബന്ധിക്കപ്പെടുന്നതിന്റെ പേരില്‍ നിരവധി വൈഗൂര്‍ മുസ് ലിംകളാണ് ചൈനയിലെ ക്യാംപുകളില്‍ കഴിയുന്നത്.
Shaheen Bagh's Bilkis Bano Named Person Of The Year By The Muslim 500