മന്ത്രവാദ ചികില്‍സ: നൂര്‍ജഹാന്റെ ഒരു മകളും ചികില്‍സ കിട്ടാതെ മരിച്ചെന്ന് കുടുംബം
ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ജമാല്‍ അനുവദിച്ചില്ലെന്നും മന്ത്രവാദ ചികില്‍സയാണ് നടത്തിയതെന്നും ചികില്‍സ കിട്ടാതെയാണ് ഒന്നരവയസുണ്ടായിരുന്ന മകള്‍ മരിച്ചതെന്നും നൂര്‍ജഹാന്റെ ഉമ്മ കുഞ്ഞായിഷ പറഞ്ഞു
കോഴിക്കോട്: മന്ത്രവാദ ചികില്‍സയെ തുടര്‍ന്ന് കോഴിക്കോട് കല്ലാച്ചി സ്വദേശി നൂര്‍ജഹാന്‍ മരിച്ച സംഭവത്തിന് പിന്നാലെ നൂര്‍ജഹാന്റെ ഒരു മകളും ചികിത്സ കിട്ടാതെ മരിച്ചെന്ന് കുടുംബം ആരോപിച്ചു. ഒന്നര വയസുകാരിയായ മകള്‍ക്ക് തലയ്ക്ക് ട്യൂമര്‍ ബാധിച്ചിട്ടും ചികില്‍സ നല്‍കിയില്ല. അന്നും മന്ത്രവാദ ചികില്‍സയാണ് നടത്തിയത്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ജമാല്‍ അനുവദിച്ചില്ലെന്നും ചികില്‍സ കിട്ടാതെയാണ് ഒന്നരവയസുണ്ടായിരുന്ന മകള്‍ മരിച്ചതെന്നും നൂര്‍ജഹാന്റെ ഉമ്മ കുഞ്ഞായിഷ പറഞ്ഞു. ഇന്നലെയാണ് കോഴിക്കോട് കല്ലാച്ചി സ്വദേശി നൂര്‍ജഹാന്‍ മന്ത്രവാദ ചികില്‍സയെ തുടര്‍ന്ന് മരിച്ചത്. ഭര്‍ത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ച് യുവതിയെ ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ചെന്നും, അവിടെവച്ച് ചികില്‍സ കിട്ടാതെ മരിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ വളയം പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നൂര്‍ജഹാന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തും.
കഴിഞ്ഞ ഒരു വര്‍ഷമായി നൂര്‍ജഹാന് തൊലിപ്പുറമെ വ്രണമുണ്ടായി പഴുപ്പുവരുന്ന രോഗമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ രോഗം കലശലായപ്പോഴും ജമാല്‍ ഭാര്യക്ക് മതിയായ ചികില്‍സ നല്‍കിയില്ലെന്നാണ് ആരോപണം. നേരത്തെ ജമാലിന്റെ എതിര്‍പ്പ് അവഗണിച്ച് ബന്ധുക്കള്‍ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കിയിരുന്നു. എന്നാല്‍ ചികില്‍സ തുടരാന്‍ ജമാല്‍ അനുവദിച്ചില്ല. ചൊവ്വാഴ്ച വൈകീട്ട് വൈകീട്ട് ഭാര്യയെയും കൊണ്ട് ആലുവയിലെക്ക് പോയ ജമാല്‍ പുലര്‍ച്ചയോടെ മരണവിവരം ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു.മതിയായ ചികില്‍സ നല്‍കാതെ മന്ത്രവാദം നടത്തിയതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. നൂര്‍ജഹാന്റെ ഉമ്മ വളയം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.