മകളെ കൊല്ലാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കി അമ്മ; വാടകക്കൊലയാളി കൊന്നത് അമ്മയെ... ! മകളുടെ കാമുകനായിരുന്നു വാടകക്കൊലയാളിയെന്ന് പോലിസ്
കുടുംബത്തിന്റെ അന്തസ് സംരക്ഷിക്കാനായിരുന്നു കൊലയെന്ന് പോലിസ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഇറ്റയില്‍ 42കാരിയായ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറാതെ കുടുംബത്തിന്റെ അന്തസിന് കളങ്കം വരുത്തിയ മകളെ കൊലപ്പെടുത്താന്‍ വീട്ടമ്മ ഏര്‍പ്പാടാക്കിയ വാടകക്കൊലയാളി അവരെ തന്നെ കൊല്ലുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. മകളെ കൊല്ലാന്‍ ഏര്‍പ്പാടാക്കിയ കൊലയാളിയായിരുന്നു മകളുടെ യഥാര്‍ത്ഥ കാമുകനെന്നും പോലിസ് അറിയിച്ചു. കൊലയാളിയായ സുഭാഷിനെയും മകളെയും പോലിസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ ആറിനാണ് 42കാരിയായ അല്‍ക്കാ ദേവിയെ ഇറ്റയിലെ ജസ്രത്പൂരിലെ ഒരു കൃഷിത്തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അല്‍ക്കാദേവിയുടെ ഭര്‍ത്താവ് രാം കാന്തിന്റെ പരാതിയില്‍ ഗ്രാമവാസികളായ അഖിലേഷ്, അനികേത് എന്നീ രണ്ടു പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. അല്‍ക്കയുടെ മകളെ വശീകരിച്ചു തട്ടിക്കൊണ്ടു പോയി എന്ന പഴയ ഒരു കേസിലെ പ്രതികളായിരുന്നു ഇരുവരും. ഈ സംഭവത്തെ തുടര്‍ന്ന് മകളെ ഫറൂഖാബാദ് ജില്ലയിലെ സ്വന്തം വീട്ടിലേക്ക് അയക്കുകയാണ് അല്‍ക്കാ ദേവി ചെയ്തത്.
അവിടെ വെച്ച് മറ്റൊരാളുമായി മകള്‍ പ്രണയത്തിലായതായി അല്‍ക്കാ ദേവി കണ്ടെത്തി. സ്ഥിരമായി ഫോണില്‍ മറ്റൊരാളുമായി സംസാരിക്കുന്നത് കണ്ടപ്പോള്‍ അവര്‍ ചോദ്യം ചെയ്തു. എന്നാല്‍, ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ മകള്‍ തയ്യാറായില്ല. തുടര്‍ന്നാണ് പ്രദേശത്തെ പ്രധാന ക്രിമിനലായ സുഭാഷിനെ അല്‍ക്കാദേവി സമീപിക്കുന്നത്. കുടുംബത്തിന് ബാധ്യതയായ മകളെ കൊന്നാല്‍ 50000 രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. മറ്റൊരു കൊലക്കേസില്‍ പത്ത് വര്‍ഷം തടവ് ശിക്ഷ കഴിഞ്ഞിറങ്ങിയ സുഭാഷ് ഇത് ഏറ്റെടുത്തു.
പക്ഷെ, ക്വട്ടേഷന്‍ ലഭിച്ച വിവരം സുഭാഷ് പെണ്‍കുട്ടിയെ അറിയിച്ചു. തന്നെ കൊല്ലാന്‍ ശ്രമിക്കുന്ന അമ്മയെ ഇല്ലാതാക്കിയാല്‍ സുഭാഷിനെ വിവാഹം കഴിക്കാമെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. എന്നാല്‍, പണം ലഭിക്കാനായി പെണ്‍കുട്ടി മരിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മിച്ച് അല്‍ക്കാ ദേവിക്ക് കൈമാറി. പക്ഷെ, മകള്‍ മരിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ കണ്ടിട്ടും അല്‍ക്കാദേവി പണം നല്‍കാന്‍ തയ്യാറായില്ല.
ഇതോടെ സുഭാഷ്, അല്‍ക്കാ ദേവിയെ ആഗ്രയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. സുഭാഷും മകളും കൂടിയാണ് അല്‍ക്കയെ കണ്ടത്. മൂവരും കൂടി രാംലീല പ്രദര്‍ശനം കണ്ടതിന് ശേഷം നഗ്‌ല ചന്ദന്‍ എന്ന പ്രദേശത്തെത്തി. അവിടെ വെച്ച് സുഭാഷ് കഴുത്തുഞെരിച്ച് അല്‍ക്ക ദേവിയെ കൊല്ലുകയായിരുന്നു. കേസില്‍ മകളെയും പോലിസ് അറസ്റ്റ് ചെയ്തു. നേരത്തെ കസ്റ്റഡിയില്‍ എടുത്ത രണ്ടു യുവാക്കളെ വിട്ടയക്കുകയും ചെയ്തു.