ബിജെപി ഭരണത്തില്‍ സ്ത്രീ പീഢകര്‍ അഴിഞ്ഞാടുന്നു: എസ് ഡിപിഐ

സംസ്ഥാന തലസ്ഥാനത്തോട് ചേര്‍ന്നുകിടക്കുന്ന ഉന്നാവോ ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ 86 ബലാല്‍സംഗങ്ങളും 185 ലൈംഗികാതിക്രമങ്ങള്‍ നടന്നെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്

Update: 2019-12-07 12:46 GMT

തിരുവനന്തപുരം: യോഗി ഭരിക്കുന്ന യുപിയിലെ ഉന്നാവോ സ്ത്രീ പീഢനങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണെന്ന് എസ് ഡിപി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ക്രൂര ബലാല്‍സംഗത്തിനിരയായ യുവതിയെ പ്രതികള്‍ തീവച്ചു കൊലപ്പെടുത്തിയ സംഭവം ലോകത്തിനു മുമ്പില്‍ രാജ്യത്തെ അപമാനഭാരത്താല്‍ തലകുനിക്കേണ്ട അവസ്ഥയിലാക്കിയിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനത്തോട് ചേര്‍ന്നുകിടക്കുന്ന ഉന്നാവോ ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ 86 ബലാല്‍സംഗങ്ങളും 185 ലൈംഗികാതിക്രമങ്ങള്‍ നടന്നെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ബിജെപിയുടെ ഉന്നത നേതാക്കളായ യുപി നിയമസഭാ സ്പീക്കര്‍ ഹൃദ്യ നരേന്‍ ദീക്ഷിത്, യുപി നിയമ മന്ത്രി ബ്രിജേഷ് പഥക്, ബിജെപി എംപി സാക്ഷി മഹാരാജ് എന്നിവര്‍ ഈ ജില്ലയില്‍ നിന്നുള്ളവരാണെന്നതിനാല്‍ ക്രൂരകുറ്റകൃത്യങ്ങളില്‍ പ്രതികള്‍ രക്ഷപ്പെടുന്നതില്‍ രാഷ്ട്രീയ പിന്തുണയുണ്ടാവുന്നുണ്ടോ എന്നു പരിശോധിക്കപ്പെടണം. ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗാര്‍ ഉള്‍പ്പെട്ട ഉന്നാവോ ബലാല്‍സംഗ കേസില്‍ ഇരയായ യുവതിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതും അവരുടെ ബന്ധുക്കള്‍ കൊല്ലപ്പെട്ടതും ഈ സംഭവത്തോട് ചേര്‍ത്തുവായിക്കണം. ബലാല്‍സംഗക്കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ താന്‍ പരശുരാമനാണെന്നും തന്നെ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുകയാണെന്നും ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇത് രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ആഴം ബോധ്യമാക്കുന്നു. കേന്ദ്രം ഭരിക്കുന്ന മോദിയും യുപി ഭരിക്കുന്ന യോഗിയും അക്രമികള്‍ക്കും സ്ത്രീ പീഢകര്‍ക്കും ഓശാന പാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.




Tags:    

Similar News