അതിര്‍ത്തി സംഘര്‍ഷഭരിതമായിരിക്കുമ്പോള്‍ സമാധാനം സാധ്യമല്ല; ചൈനയുമായുള്ള ചര്‍ച്ചയില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ

Update: 2022-03-25 11:14 GMT

ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കങ്ങളില്‍ ചൈനയ്‌ക്കെതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യ. അതിര്‍ത്തിയില്‍നിന്ന് ചൈനീസ് സേനയുടെ പിന്‍മാറ്റം അനിവാര്യമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആവശ്യപ്പെട്ടു. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചര്‍ച്ച നയതന്ത്ര സൈനിക തലത്തില്‍ നടത്താനും ധാരണയായി. സംഘര്‍ഷത്തിന് അയവുവരണമെന്നും സാധാരണ നിലയിലേക്ക് മടങ്ങിപ്പോവാന്‍ ചൈനയ്ക്ക് ആഗ്രഹമുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അറിയിച്ചു. എന്നാല്‍, അതിര്‍ത്തി സംഘര്‍ഷഭരിതമായിരിക്കുമ്പോള്‍ സമാധാനം സാധ്യമല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രതികരിച്ചു.

അതിര്‍ത്തിയുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ വികാരം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ കൃത്യമായി അറിയിച്ചുവെന്ന് കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതിര്‍ത്തിയിലെ സംഘര്‍ഷം കാരണം ബന്ധം 'സാധാരണമല്ല'. ഇന്നത്തെ ഞങ്ങളുടെ ബന്ധം സാധാരണമാണോ എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, എന്റെ ഉത്തരം 'ഇല്ല, ഇത് സാധാരണമല്ല' (ചൈനയുടെ സേനാ വിന്യാസം കാരണം). പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാനാണ് ഞങ്ങളുടെ ഇന്നത്തെ ശ്രമം. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള അതൃപ്തി ചൈനീസ് പ്രതിനിധിയെ അറിയിച്ചു. ഇന്ത്യയുടെ വികാരം ചൈന മനസ്സിലാക്കുമെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.

അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് 2020 മുതല്‍ 15 ചര്‍ച്ചകളാണ് ഇതുവരെ നടത്തിയത്. അന്ന് ഉരുത്തിരിഞ്ഞ ധാരണകളെല്ലാം ചൈന ലംഘിച്ചു. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷവും അതിര്‍ത്തിയില്‍ നിന്നും ചൈനീസ് സൈന്യത്തെ പിന്‍വലിക്കുന്നതിന് വേഗത കുറവാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം നല്ല രീതിയില്‍ മുന്നോട്ടുപോവണമെങ്കില്‍ സ്ഥിരതയും സമാധാനവും അനിവാര്യമാണ്. ഇതുണ്ടാവണമെങ്കില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ എത്രയും വേഗം പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജയശങ്കര്‍ പറഞ്ഞു. ഗല്‍വാന്‍ ആക്രമണത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ- ചൈന ഉന്നതതല ഉഭയകക്ഷി യോഗം നടക്കുന്നത്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ചര്‍ച്ച നടത്തി. രണ്ടുവര്‍ഷത്തിനിടെ ആദ്യമായാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. അതേസമയം, ചൈന സന്ദര്‍ശിക്കാന്‍ അജിത് ഡോവലിനെ വാങ് യി ക്ഷണിച്ചു. നിലവിലെ ആശങ്കകള്‍ പരിഹരിച്ചതിന് ശേഷം ചൈന സന്ദര്‍ശിക്കുമെന്ന് ഡോവല്‍ അറിയിച്ചു. അഫ്ഗാനിസ്താന്‍, യുക്രെയ്ന്‍ വിഷയങ്ങളും ചര്‍ച്ചയായതായും എസ് ജയശങ്കര്‍ പറഞ്ഞു.

പാകിസ്താനില്‍ നടന്ന പരിപാടിയില്‍ കശ്മീരിനെക്കുറിച്ചുള്ള വാങ് യിയുടെ അഭിപ്രായത്തില്‍ ഇന്ത്യയുടെ എതിര്‍പ്പ് അറിയിച്ചതായി ജയശങ്കര്‍ പറഞ്ഞു. പാകിസ്താനിലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ- ഓപറേഷനില്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തിലാണ് ചൈനീസ് മന്ത്രി കശ്മീരിനെക്കുറിച്ച് പരാമര്‍ശം നടത്തിയത്. ഇന്നലെ അഫ്ഗാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് വാങ് യി ഇന്ത്യയിലെത്തിയത്. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക അറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല. അതിര്‍ത്തികളിലെ കൈയേറ്റത്തിനും സംഘര്‍ഷങ്ങള്‍ക്കും പിന്നാലെ ഇന്ത്യ- ചൈന നയതന്ത്രബന്ധം മോശമായ സാഹചര്യത്തില്‍ ഇപ്പോഴത്തെ സന്ദര്‍ശനം നിര്‍ണായകമാണ്.

Tags:    

Similar News