അര്‍മീനിയ-അസര്‍ബൈജാന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി; ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്ന് ലോക നേതാക്കള്‍

ലോകവിപണിയിലേക്കുള്ള എണ്ണ-വാതക പൈപ്പ് ലൈനുകളുടെ ഇടനാഴിയായ സൗത്ത് കോക്കസസില്‍ രണ്ടു മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ തമ്മിലുള്ള സംഘര്‍ഷം രാജ്യാന്തരതലത്തിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും സൈനികനിയമം പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2020-09-28 05:23 GMT

ബാകു: തര്‍ക്കപ്രദേശമായ നഗോണോ -കരാബാഖിന്റെ പേരില്‍ അര്‍മീനിയയും അസര്‍ബൈജാനും തമ്മില്‍ സംഘര്‍ഷം. സൈനിക നടപടിയില്‍ സിവിലിയന്‍മാര്‍ ഉള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും മേല്‍ ലോക രാജ്യങ്ങള്‍ സമ്മര്‍ദ്ദം ശക്തമാക്കി.

അര്‍മീനിയന്‍ വംശജര്‍ ഭരിക്കുന്ന അസര്‍ബൈജാന്റെ ഭൂപ്രദേശത്തിനകത്തുള്ള നഗോണോ-കരാബാഖി പ്രദേശത്തെ ചൊല്ലിയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ലോകവിപണിയിലേക്കുള്ള എണ്ണ-വാതക പൈപ്പ് ലൈനുകളുടെ ഇടനാഴിയായ സൗത്ത് കോക്കസസില്‍ രണ്ടു മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ തമ്മിലുള്ള സംഘര്‍ഷം രാജ്യാന്തരതലത്തിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും സൈനികനിയമം പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റുമുട്ടലില്‍ 17 അര്‍മേനിയന്‍ വിഘടനവാദി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കറാബക്ക് പ്രസിഡന്റ് അരൈക് ഹരുത്യുനിയന്‍ പറഞ്ഞു. തന്റെ സേനയ്ക്കു തന്ത്രപ്രധാന മേഖലയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായും അദ്ദേഹം സമ്മതിച്ചു. ഇരുപക്ഷത്തും സിവിലിയന്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് ആക്രമണങ്ങള്‍ക്കു തുടക്കം.

അസര്‍ബൈജാന്‍ ആക്രമണത്തില്‍ അര്‍മേനിയന്‍ യുവതിയും ഒരു കുട്ടിയും കൊല്ലപ്പെട്ടതായി കരാബക്ക് വിഘടനവാദികള്‍ പറഞ്ഞു. അതേസമയം, അര്‍മേനിയന്‍ വിഘടനവാദികള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ചുപേരടങ്ങുന്ന അസര്‍ബൈജാനി കുടുംബം മരിച്ചതായി ബാകു അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, നഗോണോ-കരാബാഖിലെ 7 ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായി അസര്‍ബൈജാന്‍ പ്രഖ്യാപിച്ചു. അസര്‍ബൈജാന്റെ 2 ഹെലികോപ്റ്ററുകള്‍ വെടിവച്ചിട്ടതായും അര്‍മീനിയയും അവകാശപ്പെട്ടു.

അസര്‍ബൈജാനുള്ളിലാണു നഗോണോ-കരാബാക് മേഖലയെങ്കിലും അര്‍മീനിയന്‍ വംശജര്‍ക്കാണു ഭൂരിപക്ഷം. സോവിയറ്റ് യൂനിയന്‍ തകര്‍ന്നതോടെ 1990കളില്‍ വിഘടനവാദം ശക്തമായി. അര്‍മീനിയയുടെ പിന്തുണയോടെ ഇവിടെ 1994 മുതല്‍ അസര്‍ബൈജാനെ വെല്ലുവിളിച്ച് അര്‍മീനിയന്‍ വംശജര്‍ സ്വന്തം നിലയില്‍ ഭരണസംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. റഷ്യക്കു അര്‍മീനിയയുമായി പ്രതിരോധ കരാറുണ്ട്. അസര്‍ബൈജാനു തുര്‍ക്കിയുടെ പിന്തുണയുണ്ട്. സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമം ആരംഭിച്ചതായി റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവിന്റെ വക്താവ് അറിയിച്ചു. സമാധാനപരമായ പരിഹാരത്തിനു ശ്രമിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ഥിച്ചു.

Tags:    

Similar News